കാട്ടാനകള്‍ക്കായി അടിപ്പാത; നിരീക്ഷണ ക്യാമറ; കഞ്ചികോട്ടെ പരിഷ്കാരങ്ങള്‍

wild-elephant
SHARE

കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാതിരിക്കാന്‍ ഫലപ്രദമായ മാര്‍ഗം നടപ്പാക്കിയിരിക്കുകയാണ് റെയില്‍വേയും വനംവകുപ്പും. കഞ്ചിക്കോടിനും കോയമ്പത്തൂരിനുമിടയില്‍ നിരന്തരം ട്രെയിനിടിച്ച് ആനകള്‍ ചരിയുന്നത് ഒഴിവാക്കാനായി തുടങ്ങിയ പദ്ധതി വിപുലമാക്കാനാണ് തീരുമാനം. ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകളും ആനയുടെ സാന്നിധ്യം മനസിലാക്കിയാല്‍ തുരത്താനിറങ്ങുന്ന ആര്‍ആര്‍ടി സംഘവുമുള്ളപ്പോള്‍ വനാതിര്‍ത്തിയിലെ കര്‍ഷകര്‍ക്കും ആശ്വാസം.  

ആനക്കൂട്ടത്തിന്റെ ചങ്കിടിപ്പ് കൂട്ടുന്ന പാത. ദാഹജലം തേടി ട്രാക്ക് മുറിച്ച് കടന്നാല്‍ ജീവഹാനിയുണ്ടാവുമെന്ന ആശങ്ക. ഈ വിശേഷണം വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്ന മേഖലയായിരുന്നു കഞ്ചിക്കോടിനും കോയമ്പത്തൂരിനുമിടയിലുള്ള റെയില്‍വേ ട്രാക്ക്. എ ലൈന്‍ ബി ലൈന്‍ വ്യത്യാസമില്ലാതെ ട്രെയിനിന് മുന്നില്‍പ്പെട്ട് കാട്ടാനകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് പതിവായിരുന്നു. ട്രെയിനിന്റെ വേഗത കുറച്ചും വനംവകുപ്പിന്റെ നിരീക്ഷണമുണ്ടായിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല. പിന്നീടാണ് കോടതി നിര്‍ദേശം കൂടി കണക്കിലെടുത്ത് സുരക്ഷിത വഴിയൊരുക്കിയത്.  

പതിമൂന്ന് ക്യാമറകളാണ് രാത്രിയും പകലും കണ്ണിമചിമ്മാതെ സുരക്ഷ വിലയിരുത്തുന്നത്. ആനയുടെ സാന്നിധ്യമറിഞ്ഞാല്‍ കണ്‍ട്രോള്‍ റൂം വഴി സന്ദേശമെത്തും. വേഗത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ തുരത്തും. റെയില്‍വേയ്ക്കും സമാനമായ മുന്നറിയിപ്പെത്തും.  നിരീക്ഷണ സംവിധാനം വന്നതോടെ കാട്ടാനക്കൂട്ടം വനത്തില്‍ തന്നെ തുടരുന്നതാണ് അനുഭവം. അതിര്‍ത്തിയോട് ചേര്‍ന്ന് കര്‍ഷകരുടെ വിള തേടി എത്തുന്നതും കുറഞ്ഞു. വനാതിര്‍ത്തിയിലെ പാഴ് മരങ്ങള്‍ മുറിച്ച് മാറ്റി ഫലവൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനം മൃഗങ്ങള്‍ക്ക് തീറ്റ ഉറപ്പാക്കാനാണ്. ട്രാക്കിനോട് ചേര്‍ന്ന് കൂടുതല്‍ ഇടങ്ങളില്‍ നിരീക്ഷണ സംവിധാനം നടപ്പാക്കുന്നതിനാണ് തീരുമാനം. ഇത് വന്യമൃഗങ്ങള്‍ കൂടുതലായി നാട്ടിലേക്കിറങ്ങുന്ന വനാതിര്‍ത്തിയില്‍ പരീക്ഷിച്ചാല്‍ മനുഷ്യ വന്യജീവി സംഘര്‍ഷത്തിന്റെ വ്യാപ്തി കുറയ്ക്കാനാവുമെന്ന് വിദഗ്ധര്‍. 

MORE IN KERALA
SHOW MORE