കെജ്രിവാളിന്‍റെ അറസ്റ്റിനെതിരെ കേരളത്തിലും പ്രതിഷേധം

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റില്‍ സംസ്ഥാനത്തും വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു. എ.എ.പിക്ക് പുറമെ എല്‍,ഡി.എഫും യു.ഡി.എഫും  പ്രതിഷേധ മാര്‍ച്ച് നടത്തി.  കോഴിക്കോടും പാലക്കാടും ദേശീയപാത ഉപരോധിച്ചു. തിരുവനന്തപുരത്ത് രാജ്ഭവനില്‍ മുന്നില്‍ എ.എ.പി.പ്രവര്‍ത്തകര്‍ നരേന്ദ്രമോദിയുടെ ചിത്രം കത്തിച്ചാണ് പ്രതിഷേധിച്ചത്

കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഇ.ഡി ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡിനു മുന്നിൽ ഇരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ  അറസ്റ്റ് ചെയ്തുനീക്കി. കോഴിക്കോട് ആം ആദ്മി പ്രവര്‍ത്തകര്‍ കോഴിക്കോട് ദേശീയ പാത ഉപരോധിച്ചു. മലാപ്പറമ്പ് ജംക്ഷനില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പാലക്കാട് ചന്ദ്രനഗറില്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. മുപ്പതിലധികം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

കണ്ണൂരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ നേതൃത്വത്തിലായിരുന്നു എല്‍.ഡി.എഫിന്‍റെ പ്രതിഷേധം. ജനാധിപത്യധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണമാണ് കേജ്‌രിവാളിന്‍റെ അറസ്റ്റെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. രാജ്ഭവനിലേക്ക് യു.ഡി.എഫും, ഡി,വൈ.എഫ്.ഐയും പ്രതിഷേധ പ്രകടനം നടത്തി. 

Enter AMP Embedded Script