മോഹിനികള്‍ ആടുന്നത‌ല്ല മോഹിനിയാട്ടം; തെറ്റായ ബോധ്യം പടര്‍ന്നത് ആരിലൊക്കെ?

നീയെന്നാണ് മോഹനനായത് എന്ന ചോദ്യം ഒരു കലയെ വളര്‍ത്താനുള്ള ഒരു കലാകാരന്റെ ശ്രമത്തെ തളര്‍ത്തുമെങ്കില്‍ ആ ചോദ്യം സമൂഹത്തില്‍ ഇടം പിടിക്കാമോ?. മോഹിനികള്‍ ആടുന്നതാണ് മോഹിനിയാട്ടം എന്ന തെറ്റായ ബോധത്തെ എങ്ങനെ മാറ്റിയെടുക്കാം?. കലാകാരന്‍മാരുടെ മനസ് കുറേകൂടി വിശാലമാവുക എന്നത് തന്നെയാണ് അതിനുള്ള പോംവഴി. ആര്‍ എല്‍ വി രാമകൃഷ്ണന്‍ നേരിട്ട അധിക്ഷേപത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ മോഹിനിയാട്ടത്തെ ഒന്ന് നോക്കിക്കാണാം.

പും നൃത്യം താണ്ഡവം സ്ത്രീ നൃത്ത്യം ലാസ്യം, ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ ഈ വിവക്ഷയാണ് പലരും ഇടുങ്ങിയ ചിന്താഗതിയിലൂടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. എന്നാലിത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇത്രേള്ളൂ, പുരുഷപ്രകൃതത്തിന് താണ്ഡവശൈലിയും സ്ത്രീപ്രകൃതത്തിന് ലാസ്യ ശൈലിയും കൂടുതല്‍ ഇണങ്ങുമെന്നുമാണ്. അല്ലാതെ പുരുഷന്‍ താണ്ഡവവും സ്ത്രീ ലാസ്യവും മാത്രം അവതരിപ്പിക്കണം എന്നല്ല.

കൃത്യമായ ചരിത്രരേഖയോ നിയമസംഹിതയോ ഇല്ലാതെ ഊഹാപോഹങ്ങളും ലഭ്യമായ വിവരങ്ങള്‍ ചേര്‍ത്തുള്ള ക്രോഡീകരണവുമാണ് ഈ കലയ്ക്ക് ആധാരം. ദേവദാസീ സമ്പ്രദായത്തിലെ ദാസിയാട്ടത്തിന്റെ പരിഷ്കൃതരൂപമാണെന്ന് വാദങ്ങളുണ്ട്. നാട്യശാസ്ത്രത്തിലെ ലാവണ്യസമ്പുഷ്ടമായ കൈശികീവൃത്തത്തിലൂന്നിയ ചലനവും ഇതിനേട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ശൃംഗാരരസവും ആണ് മോഹിനിയാട്ടത്തിന്റെ പ്രധാനവിവക്ഷ. ശാസ്ത്രം ഇത്രയേ പറയുന്നുള്ളൂ എന്നിരിക്കേ ഇന്നയാള്‍ കളിക്കുക, ആണുങ്ങള്‍ ചെയ്യാന്‍ പാടില്ല, ചെയ്യുന്നവര്‍ക്ക് സൗന്ദര്യം വേണം, നിറം വേണം എന്നുള്ള പിടിവാശികള്‍ക്ക് കാലം മറുപടി നല്‍കേണ്ട സമയം എന്നേ കഴിഞ്ഞു. 

നൂറ്റാണ്ടുകളോളം സ്ത്രീയെ അകറ്റി നിര്‍ത്തിയ കഥകളിയെന്ന കലാരൂപത്തില്‍, ആദ്യകാലത്ത് സ്ത്രീസങ്കല്‍പത്തിനായി ഒരു സ്റ്റൂളിട്ട് അതിലൊരു തുണിവിരിച്ചാല്‍ സത്രീ ആയി. അവിടെ നിന്നും ഇന്ന് കാണുന്ന വന്‍ സ്ത്രീ പങ്കാളിത്തത്തിലേക്ക്  ആ കല മാറിയത് സ്ത്രീകള്‍ നടത്തിയ പോരാട്ടത്തിന്‍റെ ഫലമായിട്ടാണ്. അത് വേണ്ട മാറ്റം തന്നെയെന്ന് സ്ത്രീ കലാകാരികള്‍ ഒന്നടങ്കം ആവശ്യപ്പെടുമ്പോള്‍ അതേ പോരാട്ടം മറ്റൊരു കലയിലെ പ്രാതിനിത്യത്തിനായ് ഒരു പുരുഷന്‍ നടത്തുന്നതിനെ പിന്‍തുണക്കുകയല്ലേ വേണ്ടത്. 

ഏത് കലാരൂപവും കാലാന്തരത്തില്‍ ആസ്വാദകരും കാലവും ആവശ്യപ്പെടുന്ന ന്യായമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് കല വളരുന്നത്. പുതിയ കാലത്ത് നടക്കുന്ന പുതിയ കാര്യങ്ങള്‍ പറയാന്‍ പുതിയ മുദ്രകള്‍ ആവശ്യമെങ്കില്‍ അത്, പുതിയ ആഖ്യാനരീതിവേണമെങ്കില്‍ അത് അവലംബിക്കാന്‍ മടി കാണിക്കാത്ത കലക്കേ വളര്‍ച്ചയും ആസ്വാദകരും ഉണ്ടാകൂ എന്നതിലേക്കാണ് ഇന്നലെയുണ്ടായ ഏറ്റവും ദുഖകരമായ സംഭവങ്ങള്‍ ചൂണ്ടുപലകയാവുന്നത്. 

Enter AMP Embedded Script