കേരള സര്‍വകലാശാല ‘കലാപോത്സവം’; സിന്‍ഡിക്കറ്റ് അന്വേഷണം വൈകുന്നു

കേരള സര്‍വകലാശാല യൂത്ത് ഫെസ്റ്റിവലിനെ കുറിച്ചുള്ള സിന്‍ഡിക്കേറ്റിന്‍റെ അന്വേഷണം വൈകുന്നു. അന്വേഷണ വിഷയങ്ങള്‍ തീരുമാനമാകാത്തതിനാലാണ് സമിതിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തത്. നേരത്തെ ഒരാഴ്ചക്കകം റിപ്പോര്‍ട്ടു നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പരാതികള്‍ രേഖാമൂലം ഉന്നയിച്ചവരോട് തെളിവുകള്‍ ഹാജരാക്കാന്‍  സര്‍വകലാശാല ആവശ്യപ്പെടും. 

അന്വേഷണ പരിധിയില്‍ എന്തൊക്കെ കാര്യങ്ങള്‍  വരണമെന്ന് തീരുമാനിച്ചശേഷമെ കേരള സര്‍വകലാശാല യൂത്ത് ഫെസ്റ്റിവലില്‍ ഉണ്ടായ സംഭവങ്ങളെ കുറിച്ച് സിന്‍ഡിക്കേറ്റ്  സമിതി അന്വേഷണം ആരംഭിക്കൂ. കോഴ ആരോപണം, വിധി കര്‍ത്താവായി വന്ന പി.എന്‍.ഷാജിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍, വേദികളിലുണ്ടായ കൂട്ടത്തല്ല് എന്നിങ്ങനെ ഒരുപറ്റം ഗുരുതര പരാതികളാണ് കേരള സര്‍വകലാശാല യൂത്ത് ഫെസ്റ്റിവലിനും നടത്തിപ്പുകാരായ സര്‍വകലാശാല യൂണിയനും എതിരെ ഉയര്‍ന്നിട്ടുള്ളത്. 

ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു 15-ാം തീയതി ചേര്‍ന്ന സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നത്. ആദ്യം അന്വേഷണ വിഷയങ്ങളില്‍ തീരുമാനമാകണം. അതിനുശേഷം യൂണിയന്‍ ഭാരവാഹികള്‍, ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച അഞ്ച് കോളജുകള്‍, പരാതികള്‍ രേഖാമൂലം നല്‍കിയ വിദ്യാര്‍ഥികള്‍, സ്്റ്റുഡന്‍റ് സര്‍വീസസ് ഡയറക്ടര്‍ എന്നിവരോട് പരാതികളെ സംബന്ധിച്ച് തെളിവുകള്‍നല്‍കാന്‍ സിന്‍ഡിക്കേറ്റ് സമിതി ആവശ്യപ്പെടും. അത് പരിശോധിച്ചശേഷം ഹിയറിങ് നടത്താനാണ് തീരുമാനം. അതിനുഷേഷം മാത്രമെ റിപ്പോര്‍ട്ട് തയ്യാറാക്കൂ. ഡോ.ഗോപ്ചന്ദ്, മുന്‍ എം.എല്‍എ ആര്‍.രാജേഷ്, ജി .മുരളീധരന്‍, ഡോ.ജയന്‍ എന്നിവരാണ് സിന്‍ഡിക്കേറ്റിന്‍റെ അന്വേഷണ സമിതി അംഗങ്ങള്‍. 

Enter AMP Embedded Script