അനന്തുവിന് ഹൃദയം നുറുങ്ങുന്ന വേദനയോടെ വിട

anathu-funeral
SHARE

വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച വിദ്യാർഥി അനന്തുവിന് ഹൃദയം നുറുങ്ങുന്ന വേദനയോടെ വിട നൽകി നാട്ടുകാർ. അപകട യാത്രയേക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലന്ന് നാട്ടുകാരും അനാസ്ഥയുടെ ഇരയാണ് അനന്തുവെന്ന് പിതാവ് അജികുമാറും പറഞ്ഞു. കലക്ടറോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 

അനന്തുവിനെ ഓർത്ത് കണ്ണീർ ഒഴുകുന്ന ഈ വീടിൻറെ കളിയും ചിരിയും സന്തോഷവും എല്ലാം അനന്തുവായിരുന്നു. അവന്‍റെ പേരായിരുന്നു ഈ വീടിനും. അവനെ പഠിപ്പിക്കാനാണ് അച്ഛൻ വിദേശത്ത് പോയി കഷ്ടപ്പെട്ടത്. ആറ് മാസം കഴിഞ്ഞാൽ മകനെ ഡോക്ടറായി കാണാൻ കാത്തിരുന്ന കുടുംബത്തിലെക്കാണ് ദുരന്തമെത്തിയത്.

ഇന്നലെ രാവിലെ അമ്മയോട് യാത്ര പറഞ്ഞ് കോളജിലേക്കിറങ്ങിയതായിരുന്നു അവസാന വർഷ ബി ഡി എസ് വിദ്യാർഥി അനന്തു. വീട്ടിൽ നിന്ന് അരക്കിലൊമീറ്റർ പിന്നിട്ടപ്പോളാണ് എതിർ ദിശയിൽ നിന്ന് വന്ന ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ച് സ്കൂട്ടറിൽ പോയ അനന്തുവിന്‍റെ തലയിൽ വീണത്.

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കരിങ്കല്ല് കൊണ്ടു പോകുന്ന ലോറികൾ അപകടം വിതക്കുന്നത് പതിവാണ്. നാട്ടുകാരുടെ പരാതികളെല്ലാം അധികാരികൾ അവഗണിച്ചതിൻ്റെ ഇരയാണ് അനന്തു. പ്രതിഷേധം ഉള്ളിലൊതുക്കിയാണ് നാട് അനന്തുവിന് വിട നൽകുന്നത്. പതിവ് പോലെ അന്വേഷണ റിപ്പോർട്ട് കിട്ടിയിൽ നടപടിയെന്നാണ് മന്ത്രി പറയുന്നത്. അപകടത്തിന് പിന്നാലെ നാടുകാർ തടഞ്ഞതോടെ തുറമുഖത്തേക്ക് ലോറികൾ പോകുന്നില്ല. സുരക്ഷ ഉറപ്പിക്കാൻ നാളെ കലക്ടർ ചർച്ച നടത്തും.

MORE IN KERALA
SHOW MORE