പെരിയാറില്‍ നിന്ന് കിന്‍ഫ്രയിലേക്ക് വെള്ളം; ജല ദൗര്‍ലഭ്യം ഉണ്ടാവില്ലെന്ന് വാദം

പെരിയാറിൽനിന്ന് കിൻഫ്രയിലേക്ക് വെള്ളമെത്തിക്കുന്നത് കുടിവെള്ള ദൗർലഭ്യത്തിന് കാരണമാകില്ലെന്ന് കിൻഫ്ര. 2050 വരെയുള്ള പ്രതീക്ഷിത ഉപഭോഗം കണക്കിലെടുത്താണ് പദ്ധതി. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിലുണ്ടാകുന്ന അപാകതകളും കിൻഫ്രയുടെ പദ്ധതിയും കൂട്ടിക്കുഴയ്ക്കേണ്ടതില്ല. പൊതുമരാമത്ത് വകുപ്പ് നൽകിയ അനുമതിപ്രകാരം അടിയന്തിരമായി പൈപ്പിടൽ പൂർത്തീകരിക്കേണ്ട സാഹചര്യമാണെന്നും കിൻഫ്ര എം.ഡി കൊച്ചിയിൽ പറഞ്ഞു.

കിൻഫ്രയിലെയും ഇൻഫോപാർക്കിലെയും ജലദൗർലഭ്യം പരിഹരിക്കാൻ സ്വന്തം നിലയിൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ കിൻഫ്രയ്ക്ക് നിർദേശം നൽകിയത്. പെരിയാറിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ 45 എം.എൽ.ഡി വെള്ളം ആലുവയിൽനിന്ന് കാക്കനാടുവരെ 14.5 കിലോമീറ്റർ പൈപ്പിട്ട് എത്തിക്കാൻ അനുമതി നൽകി. പൈപ്പിട്ട് തുടങ്ങിയതേ ജനകീയ പ്രതിഷേധം ശക്തമായി. കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നതായിരുന്നു പ്രതിഷേധത്തിന് കാരണം. എന്നാൽ ജല അതോറിറ്റിയല്ല വെള്ളം നൽകുന്നതെന്നാണ് കിൻഫ്രയുടെ വിശദീകരണം. സ്വന്തംനിലയ്ക്കാണ് പമ്പിങ് നടത്തുന്നത്. നിലവിൽ 10 എം.എൽ.ഡി വെള്ളമാണ് കിൻഫ്രയ്ക്കും, ഇൻഫോപാർക്കിനും കൂടി ആവശ്യം. അടുത്ത പത്തുവർഷംകൊണ്ട് 15 എം.എൽ.ഡി മാത്രമാണ് ആവശ്യം. 45 എം.എൽ.ഡി. എന്നത് 2050 ലെ പ്രതീക്ഷിത ഉപഭോഗമാണ്.

ജല അതോറിറ്റിയുടെയും ജലസേചന വകുപ്പിൻ്റെയും കിൻഫ്രയുടെയും ആവശ്യം കഴിഞ്ഞാലും 1043 ദശലക്ഷം ലീറ്റർ ജലം പെരിയാറിൽ ബാക്കിയുണ്ടാകുമെന്നാ പഠന റിപ്പോർട്ട്. ജനപ്രതിനിധികളുമായി പലവട്ടം നടത്തിയ ചർച്ചകൾ തുടരുമെന്നും നിക്ഷേപമുരടിപ്പുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കിൻഫ്ര അധികൃതർ പറഞ്ഞു.

Enter AMP Embedded Script