ഭീതി വിതച്ച് ചക്കക്കൊമ്പന്‍; അരി തേടി ജനവാസ മേഖലയില്‍

അരിക്കൊമ്പന് പിന്നാലെ അരി തേടി എത്തുന്ന ചക്കക്കൊമ്പനും ചിന്നക്കാനാലിൽ ഭീതി വിതക്കുന്നു. ജനവാസ മേഖലയിൽ സ്ഥിരമായി എത്തുന്ന ആന വ്യാപക നഷ്ടമാണ് ഉണ്ടാക്കുന്നത്. ചക്കക്കൊമ്പൻ കൂടുതൽ പ്രകോപിതനായതോടെ ആനയെ വനത്തിലേക്ക് തുരത്താൻ വനംവകുപ്പ് വാച്ചർമാരും പെടാപ്പാട് പെടുകയാണ്.

അരിക്കൊമ്പൻ ചിന്നക്കനാലിൽ ഭീതി വിതച്ചപ്പോൾ 13 തവണയാണ് പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കടയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. അരിക്കൊമ്പനെ നാട് കടത്തിയതിന് പിന്നാലെ കഴിഞ്ഞ വർഷം റേഷൻ കട പുതുക്കി പണിതു. സോളാർ ഫെൻസിങ് വേലിയും സ്ഥാപിച്ചു. എന്നാൽ കഴിഞ്ഞ ദിവസം കാടിറങ്ങിയ ചക്കക്കൊമ്പൻ പ്രതീക്ഷകൾ തകിടം മറിച്ചു. റേഷൻ കടയുടെ ചുവരുകൾ തകർത്ത് അരി ഭക്ഷിച്ചു. ഇതോടെ ആശങ്കയിലായിരിക്കുകയാണ് കടയുടമ ആന്‍റണി.

അരിയുടെ രുചി അറിഞ്ഞ ചക്കക്കൊമ്പൻ ഇന്നലെ 301 കോളനിയിലെത്തി നിരപ്പേൽ ഗോപിനാഗന്‍റെ വീട് തകർത്ത്  വീപ്പയിൽ സൂക്ഷിച്ചിരുന്ന അരി ഭക്ഷിച്ച ശേഷമാണ് വനത്തിലേക്ക് മടങ്ങിയത്. 

അരിക്കൊമ്പന് ശേഷം ചക്കക്കൊമ്പനും ഭീതി വിതയ്ക്കുന്നതിന്‍റെ ആശങ്കയിലാണ് ഇവിടുത്തുകാർ. ഡ്രോൺ അടക്കമുള്ള നിരീക്ഷണം ഏർപ്പെടുത്തി സുരക്ഷ ശക്തമാക്കുമെന്ന സർക്കാർ ഉറപ്പും പാഴ് വാക്കായി.

Enter AMP Embedded Script