കേക്ക് കഴിച്ചതിന് പിന്നാലെ മരണം; ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക നിഗമനം

youth
SHARE

‌തിരുവനന്തപുരം വര്‍ക്കലയിലെ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധമൂലമെന്ന് പ്രാഥമിക നിഗമനം. ഇലകമണ്ണിലെ ബേക്കറിയില്‍ നിന്ന് കേക്ക് വാങ്ങി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥകളുണ്ടായത്. മരിച്ച ബിജുവിന്റെ അമ്മയും സഹോദരങ്ങളും ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഭക്ഷ്യവിഷബാധ കേരളത്തില്‍ ഒരു ജീവന്‍കൂടിയെടുത്തെന്ന സൂചനയാണ് വര്‍ക്കല ഇലകമണ്‍ കല്ലുവിള വീട്ടില്‍ ബിജു എന്ന 23കാരന്റെ മരണം ഉയര്‍ത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് ഇലകമണ്ണിലെ കടയില്‍ നിന്ന് ബിജുവും കുടുംബവും കേക്ക് വാങ്ങിക്കഴിച്ചിരുന്നു. തൊട്ടുപിന്നാലെ കഴിച്ചവര്‍ക്കെല്ലാം വയറുവേദനയും മറ്റ് ബുദ്ധിമുട്ടുകളും തുടങ്ങി. 

വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങിക്കഴിച്ചെങ്കിലും അസ്വസ്ഥത മാറിയില്ല. രാത്രിയോടെ അസുഖം മൂര്‍ചിഛ ബിജുവിനെ ശനിയാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. ബിജുവിന്റെ അമ്മയും സഹോദരിയും സഹോദരനും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കേക്ക് വാങ്ങിയ കടയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് കണ്ടതോടെ പൂട്ടിച്ചു. കേക്ക് എക്സ്പയറി ഡേറ്റ് കഴിഞ്ഞതാണെന്നും സംശയമുണ്ട്. പോസ്റ്റുമോര്‍ട്ടത്തിലെ ആന്തരികാവയവങ്ങളുെട പരിശോധനാഫലം വന്നാല്‍ മാത്രമേ ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാനാവു.

Youth dies of food poison in varkala

MORE IN KERALA
SHOW MORE