ശമ്പളം നാളെ? നിയന്ത്രണത്തിന് നീക്കം; 4600 കോടി കിട്ടുമെന്ന പ്രതീക്ഷയില്‍ ധനവകുപ്പ്

salary
SHARE

ധനപ്രതിസന്ധി കടുത്തതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന. നാളെ ശമ്പളം നല്‍കാമെന്നാണ് ധനവകുപ്പിന്‍റെ പ്രതീക്ഷ. എന്നാല്‍ വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിന്‍റെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട 4600 കോടി രണ്ടുദിവസത്തിനകം കിട്ടിയില്ലെങ്കില്‍ ധനവകുപ്പ് കടുത്ത നടപടികളിലേക്ക് നീങ്ങും. 

ആദ്യ രണ്ടുദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പളം അവരുടെ ഐ.ടി.എസ്.ബി അക്കൗണ്ടില്‍ മരവിപ്പിച്ച് ഇട്ടിരിക്കുകയാണ്. നാളെ ഈ നിയന്ത്രണം നീക്കി ശമ്പളം പിന്‍വലിക്കാന്‍ അനുവദിക്കുമെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. കേന്ദ്രത്തില്‍ നിന്ന് 4600കോടി ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്. ഇത് വൈകിയാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരും. ശമ്പളം നല്‍കിയാലും അതില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെ ആലോചനയിലുണ്ട്. നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കി.

കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ട്രഷറി വീണ്ടും ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകാനിടയുണ്ട്. കഴിഞ്ഞദിവസം ഓവര്‍ ഡ്രാഫ്റ്റില്‍ നിന്ന് ട്രഷറി കരകയറിയതേ ഉള്ളു. 21000 കോടി ഈ മാസം ചെലവിടേണ്ട സാഹചര്യത്തില്‍ മാസാവസാനം വീണ്ടും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലാകും. അതിനാല്‍ ഇപ്പോള്‍ ഓവര്‍ ഡ്രാഫ്റ്റിലാകാതിരിക്കാനാണ് ശമ്പളം എടുക്കുന്നത് തടഞ്ഞിരിക്കുന്നതെന്നാണ് സൂചന.

Govt to restrict withdrawal of salary from government employees account

MORE IN KERALA
SHOW MORE