ജാതി സെന്‍സസ് വേണം; കരുത്താര്‍ജിച്ച് കെപിഎംഎസ് പ്രക്ഷോഭം

ജാതി സെന്‍സസ് നടത്താത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കെ.പി.എം.എസ് നേതൃത്വത്തില്‍ പിന്നാക്ക–ന്യൂനപക്ഷ സംഘടനകള്‍ യോജിച്ച് പ്രക്ഷോഭം. അടുത്ത മാസം സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തും. ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാതി സെന്‍സസിന്‍റെ പേരില്‍ സമരമുഖം തുറന്നത് സര്‍ക്കാരിനെ വെട്ടിലാക്കി.

വനിതാ മതില്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനൊപ്പം നിലകൊണ്ട കെ.പി.എം.എസിന്‍റെ നേതൃത്വത്തിലാണ് ജാതി സെന്‍സസ് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കരുത്താര്‍ജിക്കുന്നത്. സമസ്ത, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ തുടങ്ങിയ പ്രബല സംഘടനകളും ഐക്യവേദിയിലുണ്ട്. ദളിത്–പിന്നാക്ക–ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രബലമായ 50 സംഘടനകള്‍ യോജിച്ചാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ജാതി സെന്‍സസ് നടത്താനാവാത്തത് എന്ന തൊടുന്യായമാണ് സംസ്ഥാന സര്‍ക്കാരിന്‍റേത്. എന്നാല്‍ പിന്നാക്ക സംവരണപട്ടിക പുതുക്കുന്നത് സംസ്ഥാനങ്ങളുടെ കടമയാണെന്ന് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. സംസ്ഥാനം ജാതി സെന്‍സസ് നടത്തുന്നതിനെ കോടതികള്‍ എതിര്‍ത്തിട്ടില്ലെന്ന് ഐക്യവേദി ഭാരവാഹികള്‍ സമരപ്രഖ്യാപനം നടത്തിക്കൊണ്ട് വ്യക്തമാക്കി.

എന്‍.എസ്.എസ് ഉള്‍പ്പടെയുള്ള മുന്നാക്ക സമുദായ സംഘടനകളെ പ്രീതിപ്പെടുത്താനാണ് ജാതി സെന്‍സസില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ ഒളിച്ചോടുന്നതെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തുന്നു. സമരത്തിന്‍റെ ആദ്യഘട്ടമായി ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കും. തുടര്‍ന്ന് അഞ്ച്, ആറ് തീയതികളില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം. എന്നിട്ടും സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുന്നില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭം സമരവേദിയില്‍ വച്ച് തീരുമാനിക്കും. 

kpms agitation on caste census

Enter AMP Embedded Script