ദേശീയ പാത നിര്‍മാണത്തിന് തടസമായി കുടിവെള്ളപൈപ്പ്; മാറ്റാന്‍ 5 കോടി

കോഴിക്കോട് വേങ്ങേരിയിലെ ദേശീയ പാത നിര്‍മാണത്തിന് തടസമായ ജപ്പാന്‍ കുടിവെള്ളപൈപ്പ് മാറ്റാന്‍ വേണ്ടത് അഞ്ചു കോടി രൂപ. ഇത് സംബന്ധിച്ച  എസ്റ്റിമേറ്റ് ജല അതോറിറ്റി തയാറാക്കി. പൈപ്പ് മാറ്റാത്തത് കാരണം വേങ്ങേരിയില്‍ പാത നിര്‍മാണം മന്ദഗതിയില്‍.

ആറു കുടിവെളള സംഭരണികളിലേക്കും ജില്ല അതിര്‍ത്തിയായ രാമനാട്ടുകര, കടലുണ്ടി പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന കൂറ്റന്‍ പമ്പാണ് ദേശീയ പാത നിര്‍മാണത്തിന് തടസ്സമായി നില്‍ക്കുന്നത്. ജല അതോറിറ്റി എന്‍.എച്ച്. എയ്ക്ക് നല്‍കിയ രൂപരേഖയില്‍ പാതയുടെ കിഴക്കുവശത്താണ് പൈപ്പുള്ളതായി രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് നിര്‍മാണം നടത്തുന്നതിനിടയിലാണ് റോഡിന്‍റെ നടുവില്‍ 1.8 മീറ്റര്‍ വ്യാസമുള്ള കുടിവെള്ള പൈപ്പ് കണ്ടത്. ഇതോടെ കരാറുകാര്‍ പണി നിര്‍ത്തിവച്ചു.

ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും ജലഅതോറിറ്റിയോട് പൈപ്പ് മാറ്റാനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ ആവശ്യപ്പെടുയുമായിരുന്നു. ഇതനുസരിച്ച് തയാറാക്കിയ എസ്റ്റിമേറ്റിലാണ് അഞ്ചുകോടി രൂപ വേണ്ടിവരുമെന്ന് അറിയിച്ചിരിക്കുന്നത്. 

ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കൂടി  പരിശോധിച്ചശേഷമാകും ഇത്  ദേശീയപാത അതോറിറ്റിക്ക്  കൈമാറുക.

Enter AMP Embedded Script