അരുംകൊലയുടെ ഉത്തരവാദിത്തം സന്ദീപിന് തന്നെ;രക്ഷപെടില്ല; മാനസിക പ്രശ്നമില്ലെന്ന് റിപ്പോര്‍ട്ട്

യുവഡോക്ടര്‍ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നിന്നും മാനസികാരോഗ്യം തകരാറിലെന്ന് ചൂണ്ടിക്കാട്ടി രക്ഷപെടാനുള്ള സന്ദീപിന്‍റെ ശ്രമങ്ങള്‍ പൊളിയുന്നു. പ്രതിയായ സന്ദീപിന് യാതൊരു തരത്തിലുമുള്ള മാനസികപ്രശ്ങ്ങളുമില്ലെന്നാണ് രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടെ റിപ്പോര്‍ട്ട്. 

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവസുരക്ഷാ വിഭാഗത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന സന്ദീപിനൊപ്പമുള്ളത് ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പത്മകുമാറാണ്. ഇരുവരെയും മറ്റ് പ്രതികള്‍ ആക്രമിച്ചേക്കുമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതും. മാനസികാരോഗ്യ പ്രശ്നത്തിന്‍റെ പുറത്താണ് കൊലപാതകം നടന്നതെന്ന് ചൂണ്ടിക്കാട്ടി കേസില്‍ നിന്ന് ഊരിപ്പോരാന്‍ പലതവണ സന്ദീപ് ശ്രമിച്ചതോടെയാണ് മാനസികാരോഗ്യ പരിശോധനയ്ക്ക് പ്രതിയെ വിധേയനാക്കിയത്. യാതൊരു വിധ മാനസിക പ്രശ്നങ്ങളും സന്ദീപിനില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. 

ആദ്യ റിപ്പോര്‍ട്ടിന് പിന്നാലെ കേസന്വേഷിക്കുന്ന സംഘം സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച് 10 ദിവസം പ്രത്യേക വൈദ്യ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ വീണ്ടും പരിശോധനകള്‍ നടത്തി. സന്ദീപിന് മാനസികാരോഗ്യ പ്രശ്നമില്ലെന്നായിരുന്നു ഈ ഡോക്ടര്‍മാരുടെയും കണ്ടെത്തല്‍. ഈ രണ്ട് റിപ്പോര്‍ട്ടുകളും കാരണം മാനസികാരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി അരുംകൊലയുടെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാനുള്ള സന്ദീപിന്‍റെ ശ്രമം തീര്‍ത്തും പരാജയപ്പെടുമെന്ന് പൊലീസ് പറയുന്നു. ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ സന്ദീപ് അടുത്തയിടെയൊന്നും പുറത്തിറങ്ങാനിടയില്ല. തന്നെ അധ്യാപക ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ അപ്പീല്‍ നല്‍കി ഉത്തരവ് പിന്‍വലിപ്പിക്കാനുള്ള ശ്രമം പ്രതി ജയിലില്‍ ഇരുന്നും തുടരുകയാണ്.

Dr. Vandana Das murder case accused Sandeep hasn't any mental health issues, report

Enter AMP Embedded Script