വന്ദന ദാസിന്റെ മരണം; അന്വേഷണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കുടുംബം

വന്ദന ദാസിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ  സർക്കാർ നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതിൽ കൂടുംബത്തിന് കടുത്ത അതൃപ്തി. എട്ടു മാസത്തിനുള്ളിൽ കേസ് പല തവണ മാറ്റിവയ്ക്കേണ്ടി വന്നത് സർക്കാരിന്റെ അനാസ്ഥ മൂലം ആണെന്നാണ് കുടുംബത്തിന്റെ ആരോപണം. 

വന്ദന ദാസിന്റെ മരണത്തിൽ കേരള പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെ. ജി. മോഹൻദാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിബിഐ അന്വേഷണം നടന്നാൽ കൃത്യസമയത്ത് ഇടപെട്ട് രക്ഷിക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരും വിദഗ്ധ ചികിത്സ കൃത്യസമയത്ത് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട   ആരോഗ്യ വകുപ്പ് ജീവനക്കാരും പ്രതികളാകുമെന്നാണ് കുടുംബത്തിൻറെ വാദം. ഇക്കാര്യത്തിൽ ഇടപെട്ട ഹൈക്കോടതി കുടുംബത്തിനെ കേട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് നിർദ്ദേശിച്ചിരുന്നു. കുടുംബത്തിനെ കേട്ടെങ്കിലും റിപ്പോർട്ട് സമർപ്പിക്കുന്നത് സർക്കാർ നീട്ടിക്കൊണ്ടു പോവുകയാണ്. 

കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പരസ്യ പ്രതികരണം നടത്തേണ്ടന്ന് തീരുമാനിച്ച കുടുംബം ആശങ്ക പലയിടങ്ങളിലും അറിയിച്ചു.  മകളുടെ മരണത്തിന്റെ ആഘാതത്തിന് പിന്നാലെ കടുത്ത ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന മാതാപിതാക്കൾ കേസുമായി മുന്നോട്ടു പോകുന്നത് കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്. മകളുടെ സഹപാഠികളും സുഹൃത്തുക്കളും പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. സിബിഐ അന്വേഷണം നടന്നാൽ അതിലേക്കൊക്കെ അന്വേഷണം ചെന്നെത്തുമെന്നാണ് പ്രതീക്ഷ. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സർക്കാർ വാദം. എങ്കിൽ മകളുടെ മരണം സിബിഐ അന്വേഷിക്കുന്നതിനെ സർക്കാർ ഭയപ്പെടുന്നത് എന്തിനാണെന്നാണ് മോഹൻദാസിന്റെ ചോദ്യം. 

vandana das murder case follow up

Enter AMP Embedded Script