‘സൂരജിന് ഉയര്‍ന്ന ശിക്ഷ ലഭിക്കണം’; നിയമപേരാട്ടം തുടര്‍ന്ന് ഉത്രയുടെ കുടുംബം

ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്ന കൊല്ലത്തെ ഉത്രവധകേസിലെ പ്രതി സൂരജിനെതിരെയുളള സ്ത്രീധനപീഡനക്കേസില്‍ വിചാരണ അവസാനഘട്ടത്തിലേക്ക്. വധക്കേസില്‍ പ്രതി സൂരജിന് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും ഉയര്‍ന്ന ശിക്ഷ വേണമെന്ന ഉത്രയുടെ കുടുംബത്തിന്‍റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രതികള്‍ക്ക് ശരിയായ ശിക്ഷ ലഭിക്കാത്തതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടിവരികയാണെന്ന് ഉത്രയുടെ അച്ഛന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

മകള്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിന് ഉയര്‍ന്ന ശിക്ഷ ലഭിക്കാന്‍ ഇപ്പോഴും നിയമപോരാട്ടത്തിലാണ് വിജയസേനന്‍. വധക്കേസില്‍ രണ്ടുവര്‍ഷം മുന്‍പ് പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും പതിനേഴ് വര്‍ഷം തടവും കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നു. കൂടുതല്‍ ശിക്ഷ ലഭിക്കാനായി സര്‍ക്കാര്‍ ഇടപെടാതിരുന്നപ്പോള്‍ ഒറ്റയ്ക്ക് ഹൈക്കോടതിയെ സമീപിച്ചു.

പരോള്‍ ലഭിക്കാനായി പ്രതി സൂരജ് അപേക്ഷ നല്‍കിയെന്നാണ് വിവരം. അതേസമയം സൂരജിനും കുടുംബത്തിനും എതിരെയുളള സ്ത്രീധനപീഡനക്കേസില്‍ പുനലൂര്‍ കോടതിയില്‍ വിചാരണ തുടരുകയാണ്.

uthra murder case; trial in the dowry abuse case is in its final stages

Enter AMP Embedded Script