കുതിരാന് സമീപം വഴുക്കുംപാറ മേൽപാലത്തിൽ വീണ്ടും മണ്ണിടിച്ചിൽ

കുതിരാൻ തുരങ്ക പാതയ്ക്കു സമീപം വഴുക്കുംപാറ മേൽപാലത്തിൽ വീണ്ടും മണ്ണിടിച്ചിൽ. തൃശൂരിൽ നിന്നും പാലക്കാട്ടേക്കുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ ജൂലൈ ആദ്യത്തിൽ റോഡ് ഇടിഞ്ഞു താഴ്ന്ന ഭാഗത്തിന്‍റെ എതിർവശത്ത് പാലക്കാട്ടേക്ക് പോകുന്ന റോഡിനോട് ചേർന്നാണ് വീണ്ടും മണ്ണിടിഞ്ഞു താഴ്ന്നത്. മൂന്നു മീറ്ററോളം വ്യാസത്തിൽ മണ്ണ് പൂർണമായും ഒലിച്ചു പോയി.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴവെള്ളം ഊർന്നിറങ്ങിയതാണ് പ്രതിസന്ധിക്കു കാരണം എന്നാണ് നിഗമനം. എന്നാല്‍ കരാർ കമ്പനിയുടെ അശാസ്ത്രീയ നിർമാണമാണ് നിരന്തരമുണ്ടാകുന്ന മണ്ണിടിച്ചിലിന് കാരണമെന്നാണ് ആരോപണം. മേൽപാല നിർമാണത്തിൽ കരാർ കമ്പനി ഗുരുതര വീഴ്ച വരുത്തിയതായി നേരത്തേ തന്നെ ആരോപണമുയർന്നിരുന്നു.

റോഡിന്‍റെ എതിർവശത്തു രണ്ടുമാസം മുൻപുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇവിടെ അറ്റകുറ്റ പണികള്‍ പുരോഗമിക്കുന്നത്തിനിടെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ദിവസവും ആയിര കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന പാതയിൽ മണ്ണിടിഞ്ഞു തുടങ്ങിയതോടെ യാത്രക്കാരും പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്.

Landslide again on Vazhukumpara flyover near Kuthiran tunnel.

Enter AMP Embedded Script