നടുങ്ങി വരാപ്പുഴ; നടൻ ധർമജൻ രക്ഷപ്പെട്ടത് അദ്ഭുതകരമായി

വരാപ്പുഴ മുഴുവൻ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലാണ് മുട്ടിനകത്ത് പടക്ക സംഭരണശാലയിൽ വൻ സ്ഫോടനം നടന്നത്. ഡിപ്പോ കടവിന്റെ എതിർവശത്തു പുഴയ്ക്കപ്പുറം ഏലൂർ ഫെറി ഭാഗത്തു താമസിക്കുന്നവർ വരെ ഭൂമികുലുക്ക മെന്നു കരുതി വീടുകളിൽ നിന്നു പുറത്തിറങ്ങി. വരാപ്പുഴ പാലവും അപ്രോച്ച് റോഡും പ്രകമ്പനത്തിൽ ഉലഞ്ഞതായി യാത്രക്കാർ പറഞ്ഞു. സ്ഫോടനത്തെ തുടർന്നു പുക ഗോളങ്ങൾ ആകാശം മുട്ടെ ഉയർന്നു.

ചിന്നി തെറിച്ച കോൺക്രീറ്റ് അവശിഷ്ടങ്ങളും പടക്കങ്ങളുടെ ഭാഗങ്ങളും 100 മീറ്റർ ദൂരം വരെ തെറിച്ചു വീണു. സമീപത്തുള്ള മതിലുകളിലെല്ലാം വിള്ളൽ വീണു. സ്ഫോടനത്തിൽ പൂർണമായും തകർന്ന വീടിന്റെ ഒരു ഭാഗം അയൽവാസിയായ തുണ്ടത്തിൽ ബിജുവിന്റെ വീടിന്റെ സൺ ഷേഡിലാണു പതിച്ചത്. ഇതോടെ ബിജുവിന്റെ വീടിന്റെ ഒരു മൂല പൂർണമായും തകർന്നു. ഭാര്യയും 3 പെൺമക്കളും ഇൗ സമയത്ത് വീട്ടിലിരുന്നു ചായ കുടിക്കുകയായിരുന്നു. സ്ഫോടനത്തിൽ തെറിച്ച കെട്ടിട ഭാഗങ്ങൾ കൊണ്ട് ഇവർക്കു 4 പേർക്കും പരുക്കേറ്റു.

ഇൗ വീടിനു തൊട്ടു സമീപത്തു തന്നെയുള്ള കൂരൻ മത്തായിയും മകൻ അനീഷും വീട്ടിനുള്ളിൽ ഇരിക്കുമ്പോഴാണു ഇഷ്ടികയും മറ്റു അവശിഷ്ടങ്ങളും തെറിച്ചു ദേഹത്തു വീണത്. പടക്ക സംഭരണ ശാലയുടെ ലൈസൻസിയായ ആൻസന്റെ മകൻ ജെൻസന്റെ വീടും സംഭരണശാലയോടു ചേർന്നാണ്. സ്ഫോടനത്തിൽ ജെൻസന്റെ മുഖത്തും ദേഹത്തും പരുക്കേറ്റിട്ടുണ്ട്. വീടിന്റെ ഒരുഭാഗം തകർന്നു. ആൻസന്റെ അനുജൻ ഡേവിസും ഇവിടെ ജോലി ചെയ്തിരുന്നതാണെന്നു പൊലീസ് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന് കൈകോർത്ത് നാട്ടുകാരും

സ്ഫോടന ശബ്ദത്തിൽ നടുങ്ങി വിറച്ചെങ്കിലും രക്ഷാപ്രവർത്തനത്തിനു ഉണർന്നു പ്രവർത്തിച്ചു നാട്ടുകാരും അഗ്നിരക്ഷാസേനയും. പരിസരമാകെ പുകയും വെടിമരുന്നിന്റെ ഗന്ധവും വ്യാപിച്ചത് ആശങ്ക ഉയർത്തി. നാട്ടുകാർ ഒന്നടങ്കം ഇവിടേക്ക് എത്തി. പരുക്കേറ്റവരെ രക്ഷിക്കാൻ ധൈര്യത്തോടെ പലരും മുന്നോട്ടു വന്നു.

ഇതിനിടെ വിവരമറിഞ്ഞു കുതിച്ചെത്തിയ അഗ്നിരക്ഷാസേന അംഗങ്ങൾ കൂടി രക്ഷാപ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു. രാത്രിയിൽ മതിയായ വെളിച്ചം എത്തിക്കാനും ഫയർഫോഴ്സ് അംഗങ്ങൾക്കു വേണ്ട സഹായങ്ങൾ നൽകാനും നാട്ടുകാരും ജനപ്രതിനിധികളും മുന്നിലുണ്ടായിരുന്നു.

ഏലൂരിൽ 5 വീടുകൾക്കു നാശം

ഉഗ്രസ്ഫോടനത്തിൽ പെരിയാറിനിക്കരെ ഏലൂർ ഡിപ്പോ, പള്ളിപ്പുറം ചാൽ, മണലിപ്പള്ളം പ്രദേശങ്ങളിൽ വീടുകൾ കുലുങ്ങി. 5 വീടുകൾക്കു നാശമുണ്ടായി. എന്താണു സംഭവിച്ചതെന്നറിയാതെ വീട്ടിൽ നിന്നു ജനങ്ങൾ ഭയത്തോടെ ഇറങ്ങിയോടി. ഭൂചലനമാണോയെന്നും ചിലർ സംശയിച്ചു. കുലുക്കത്തിന്റെ ആഘാതത്തിൽ സോഫയിലും കട്ടിലിലിലും കിടന്നവർ താഴെ വീണു.

വീടുകളുടെ ജനൽ ചില്ലുകളും സീലിങ്ങും ജനലുകളും ഇളകിവീണു. ആർക്കും പരുക്കില്ല. ഏലൂർ ഡിപ്പോ ചില്ലിക്കൂട്ടത്തിൽ ആന്റണി ജീമോൻ, വാ‌ടയ്ക്കൽ വർഗീസ്, അകത്തെ പള്ളിപ്പറമ്പ് മുംതാസ്, മണലിപ്പള്ളം സീമ ബിജു എന്നിവരുടെ വീടുകളിലാണ് നാശമുണ്ടായത്. തടി ഡിപ്പോയിലെ കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ പൊട്ടിവീണു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു.

പറവൂർ, ഏലൂർ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രിച്ചത്. വെള്ളം ചീറ്റിക്കുന്നതിനിടയിലും രണ്ടു ചെറു സ്ഫോടനങ്ങൾ നടന്നെങ്കിലും ആർക്കും പരുക്കില്ല. സ്ഫോടനം നടന്ന കെട്ടിടത്തിന്റെ മറ്റൊരു മൂലയിലായി കൂടുതൽ പ്രഹരശേഷിയുള്ള പടക്കങ്ങൾ സൂക്ഷിച്ചിരുന്നെങ്കിലും ഇതിലേക്കു തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കലക്ടർ രേണു രാജും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ധർമജൻ രക്ഷപ്പെട്ടത് അദ്ഭുതകരമായി

വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമാണശാലയിലെ സ്ഫോടന സ്ഥലത്തു നിന്നു നടൻ ധർമജൻ ബോൾഗാട്ടി രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിൽ. പടക്ക നിർമാണശാലാ നടത്തിപ്പുകാരന്റെ സഹോദരനെ തേടിയാണ് ധർമജൻ സ്ഥലത്ത് എത്തിയത്. അവിടെ നിന്നു സംസാരിച്ചു മടങ്ങി ഏതാനും മിനിറ്റുകൾക്കകമായിരുന്നു സ്ഫോടനം.

Enter AMP Embedded Script