ഗുണ്ടകളുമായി ബന്ധമുള്ള പൊലീസുകാരും കുടുങ്ങും; ആഗിന് പിന്നാലെ കർശന നിരീക്ഷണം

aag-06
SHARE

ഓപ്പറേഷന്‍ ആഗിന് പിന്നാലെ ഗുണ്ടകളെയും ക്രിമിനലുകളെയും കര്‍ശനമായി നിരീക്ഷിക്കാനുള്ള കര്‍മപദ്ധതിയുമായി പൊലീസ്. ഗുണ്ടകളുമായി ബന്ധം പുലര്‍ത്തുന്ന പൊലീസുകാരെ കണ്ടെത്താനും നിരീക്ഷണം. അതിനിടെ തിരുവനന്തപുരം മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ച പ്രതിയെ മൂന്നാം ദിനവും കണ്ടെത്തിയില്ല. എന്നാല്‍ മ്യൂസിയത്ത് ഇനി അക്രമങ്ങളുണ്ടാകില്ലെന്ന ഉറപ്പുമായി തിരുവനന്തപുരം കമ്മീഷണര്‍ സി.എച്ച്.നാഗരാജു രംഗത്തെത്തി.

ഓപ്പറേഷന്‍ ആഗില്‍ പിടികൂടിയ 2507 ക്രിമിനലുകളില്‍ പിടികിട്ടാപ്പുള്ളികളും ജാമ്യമില്ലാക്കേസിലെ പ്രതികളും ഒഴികെ രണ്ടായിരത്തോളം പേരെ കരുതല്‍ തടങ്കലിന് ശേഷം വിട്ടയച്ചു. ഇവര്‍ വീണ്ടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമെ ഗുണ്ടാവിരുദ്ധ പദ്ധതി വിജയിക്കൂ. അതിനായാണ് കര്‍ശന നിരീക്ഷണം. ഓരോ സ്റ്റേഷന്‍ പരിധിയിലുമുള്ള ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും  ചുമതല ആ സ്റ്റേഷനിലെ ഓരോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കും. അവര്‍ ഇവരുടെ സാമ്പത്തിക ഇടപാടുകളും ഇവരെ സഹായിക്കുന്നവരെയും നിരന്തരമായി നിരീക്ഷിക്കണം. ഇതോടൊപ്പം ക്രിമിനലുകളുമായി അടുപ്പം പുലര്‍ത്തുന്ന പൊലീസുകാരെ നിരീക്ഷിക്കാനായി പ്രത്യേകരഹസ്യ സംവിധാനം ഏര്‍പ്പെടുത്താനുമാണ് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം ഗുണ്ടകളെ കൂട്ടത്തോടെ കീഴടക്കുമ്പോഴും തലസ്ഥാനനഗരത്തിലെ മ്യൂസിയം പരിസരം പൊലീസിന് തീരാനാണക്കേടായി തുടരുകയാണ്. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ പ്രഖ്യാപിച്ച കമ്മീഷണര്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പും നല്‍കി.

പക്ഷെ വെള്ളിയാഴ്ച രാത്രി തൃശൂര്‍ സ്വദേശിനിയെ ആക്രമിച്ച പ്രതികളെ തിങ്കളാഴ്ചയായിട്ടും തിരിച്ചറിഞ്ഞ് പോലുമില്ല. സി.സി.ടി.വികളിലൊന്നും പ്രതികളുടെ ദൃശ്യമില്ലായെന്നാണ് പൊലീസ് പറയുന്നത്. ഇനി മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറകളുടെ ദൃശ്യം പരിശോധിക്കാനാണ് തീരുമാനം.

operation aag strengthens state wide police action

MORE IN KERALA
SHOW MORE