പക്ഷിക്കൂട്ടം കൂടുകൂട്ടാതിരിക്കാൻ 85 അടി പൊക്കമുള്ള മരത്തിന് വല; ചെലവ് 1,37,000 രൂപ..!

birds
SHARE

പക്ഷികൾ തമ്പടിക്കുന്നത് മൂലമുള്ള മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി പന്തളം കെഎസ്ആർടിസി റോഡിൽ ചന്തയ്ക്ക് സമീപത്തെ മരത്തിൽ വലയിട്ടു. പക്ഷിക്കൂട്ടം മരങ്ങളിൽ കൂടുകൂട്ടാതിരിക്കാനാണ് ഇത്. ഇതിനു മുന്നോടിയായി മേയ് 4ന് രാത്രിയിൽ, 2 മരങ്ങളുടെയും ശിഖരം മുറിച്ചിരുന്നു. ജോലികൾ പൂർത്തിയാകുന്നതോടെ‍, പക്ഷികൾ തമ്പടിക്കുന്നത് മൂലമുള്ള മാലിന്യപ്രശ്നത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ചയാണ് വലയിടീൽ തുടങ്ങിയത്. രാവിലെ 7ന് തുടങ്ങിയ ജോലികൾ വൈകുവോളം നീണ്ടു. എന്നാൽ, പൂർത്തിയാക്കാനായില്ല. ഇന്നലെയും പകൽ മുഴുവൻ ജോലികൾ തുടർന്നു. 16 പേരാണ് വലയിടീലിൽ പങ്കെടുത്തത്. 

85 അടി ഉയരത്തിലുള്ള കൂറ്റൻ മരത്തിൽ വലയിടുന്നത് ഏറെ ശ്രമകരമായിരുന്നു. മരങ്ങളിൽ പല ശിഖരങ്ങളിലായിരുന്ന തൊഴിലാളികൾ തോട്ടിയും ജിഐ പൈപ്പും ഉപയോഗിച്ചാണ് വല വിരിച്ചത്. 2 ദിവസങ്ങളിലും വൈദ്യുതി വിതരണം നിർത്തി വച്ചു. 1,37,000 രൂപയുടെ പ്ലാസ്റ്റിക് വലയാണ് വിരിച്ചത്. നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, ഉപാധ്യക്ഷ യു.രമ്യ, സ്ഥിരം സമിതി അധ്യക്ഷരായ ബെന്നി മാത്യു, കെ.സീന, രാധാ വിജയകുമാർ അടക്കമുള്ളവർ നേതൃത്വം നൽകി.

മരങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവയിൽ തമ്പടിക്കുന്ന പക്ഷിക്കൂട്ടത്തെ, ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ ഒഴിവാക്കാൻ ജൈവവൈവിധ്യ ബോർഡ് ഫണ്ട് അനുവദിക്കുന്നതും ഇതാദ്യമായാണ്. കെഎസ്ആർടിസി റോഡിലെ മരങ്ങളിൽ കൂടുകൂട്ടിയ പക്ഷികളെ ഒഴിവാക്കാനാണ് ഫണ്ട് അനുവദിച്ചത്. 2004ൽ രൂപീകൃതമായ ബോർഡ് സമാന പദ്ധതിക്ക് ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല. 2,20,000 രൂപയാണ് 2021ൽ അനുവദിച്ചത്. പന്തളത്തെ 12 പൈതൃക മരങ്ങളുടെ സംരക്ഷണവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. 

2 വർഷമായാണ് ഈ മരങ്ങളിൽ പക്ഷികൾ ചേക്കേറി തുടങ്ങിയത്. പത്തോളം ഇനത്തിൽ പെട്ട 500-ഓളം പക്ഷികളാണ് തമ്പടിച്ചിരുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇവ കൂടുവിടും. മേയ്, ജൂൺ മാസങ്ങളിൽ തിരികെയെത്തും മുൻപ് വലയിടുകയായിരുന്നു ലക്ഷ്യം.

Net put on tress to prevent nesting of migratory birds

MORE IN KERALA
SHOW MORE