ബജറ്റില്‍ ഭൂനികുതി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട്

New Project (7)
SHARE

സംസ്ഥാന ബജറ്റില്‍ ഭൂനികുതി വര്‍ധിപ്പിക്കാന്‍ സാധ്യത. മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനുകളിലെയും ഭൂനികുതി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഭൂമിയുടെ ഉപയോഗത്തിനനുസരിച്ച് നികുതി നിശ്ചയിക്കണമെന്നും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്.

ഭൂമിയുടെ ന്യായവില പത്ത് ശതമാനം കൂട്ടുന്നതിന് പുറമെ ഭൂനികുതി വര്‍ധിപ്പിക്കുന്നതും ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ പരിഗണനയിലുണ്ട്. കഴിഞ്ഞ ബജറ്റില്‍ ഭൂനികുതി സ്ലാബുകളും നിരക്കുകളും  പരിഷ്കരിച്ചിരുന്നു. ഗ്രാമപഞ്ചായത്തില്‍ കുറഞ്ഞ ഭൂനികുതി അഞ്ചു രൂപ മാത്രമാണ്. മുനിസിപ്പാലിറ്റിയില്‍ ഇത് പത്തും കോര്‍പറേഷനില്‍ 20ഉം രൂപ വീതവും. നാലുസെന്‍റ്, അഞ്ച് സെന്‍റ് വസ്തുവുള്ളവരാണ് കോര്‍പറേഷന്‍ മേഖലകളില്‍ കൂടുതലും. ഇവര്‍ ഭൂനികുതിയായി വര്‍ഷം അടയ്ക്കുന്നത് 30 രൂപ മാത്രമാണ്.  കാലാനുസൃതമായി ഇത് വര്‍ധിപ്പിക്കണം എന്ന നിര്‍ദേശമാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ നല്‍കിയിരിക്കുന്നത്. ബംഗാളില്‍ ഭൂനികുതിയിനത്തില്‍ വര്‍ഷം പിരിക്കുന്നത് 3000 കോടിരൂപയാണ്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ബജറ്റിലെ എസ്റ്റിമേറ്റ് കേവലം 509 കോടിയാണ്.

ഭൂമിയുടെ ന്യായവിലയുടെ നിശ്ചിത ശതമാനമായി ഭൂനികുതി നിശ്ചയിക്കണം എന്ന നിര്‍ദേശം നേരത്തെ മുതല്‍ ധനവകുപ്പിന് മുന്നിലുണ്ട്.  ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇത്തവണയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധ്യതയില്ല.ഭൂമിയുടെ ഉപയോഗത്തിനനുസരിച്ച് നികുതി നിശ്ചയിക്കുന്നതും പരിഗണനയിലുണ്ട്. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിക്ക് കൂടുതല്‍ നികുതി ചുമത്തുക എന്ന നിര്‍ദേശമാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ടുവച്ചത്. സാധാരണക്കാരെ ഈ തീരുമാനം ബാധിക്കുകയുമില്ല. റവന്യൂവകുപ്പിന്‍റെ അഭിപ്രായത്തിന്‍റെ കൂടി അടിസ്ഥാനത്തിലാകും ഇക്കാര്യത്തില്‍ ധനവകുപ്പ് അന്തിമ തീരുമാനമെടുക്കുന്നത്.

Land tax increasement in the budget

MORE IN KERALA
SHOW MORE