വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

varkalaCrimebranch
SHARE

തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് അന്വേഷണത്തില്‍ തീപിടുത്തത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

10 മാസങ്ങള്‍ക്ക് മുന്‍പ്, 2022 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ ദാരുണ ദുരന്തം. ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ ഞൊടിയിടയില്‍ അഗ്നിക്ക് ഇരയായി. വര്‍ക്കലയില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ധളവാപുരം സ്വദേശി പ്രതാപന്‍, ഭാര്യ  ഷേര്‍ളി, മൂത്ത മകന്റെ ഭാര്യ അഭിരാമി, എട്ട് മാസം പ്രായമുള്ള കുഞ്ഞ് റിയാന്‍, പ്രതാപന്റെ ഇളയമകന്‍ അഹില്‍ എന്നിവരാണ് മരിച്ചത്. മൂത്തമകന്‍ നിഹില്‍ മാത്രം ഗുരുതര പൊള്ളലോടെ അവശേഷിച്ചു. ഇരുനിലയുള്ള വീട് ഭാഗികമായും കാര്‍പോര്‍ച്ചിലുണ്ടായിരുന്ന ബൈക്കുകള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. തീപിടിത്തം ആസൂത്രിതമല്ലെന്നും അപകടമാണ് സംഭവിച്ചതെന്നുമാണ് പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റയുമെല്ലാം നിഗമനം. പക്ഷെ തീ എങ്ങിനെ, എവിടെ നിന്ന് തുടങ്ങി എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും സ്വിച്ച് ബോര്‍ഡില്‍ തീപ്പൊരിയുണ്ടാവുകയും അത് കേബിള്‍ വഴി ഹാളിലേക്ക് പടരുകയായിരുന്നൂവെന്നുമാണ് ഫയര്‍ ഫോഴ്സ് റിപ്പോര്‍ട്ട് നല്‍കിയത്. പക്ഷെ ഫൊറന്‍സിക് പരിശോധനകളില്‍ ഇത് ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ അധികമായി കണ്ടെത്താനായില്ല. ഇതോടെ ഈ നിഗമനം കാണിച്ച് കുറ്റപത്രം നല്‍കേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ പ്രതാപന്റെ കുടുംബം പരാതിയും നല്‍കിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പേട്ട യൂണിറ്റിനാണ് അന്വേഷണ ചുമതല.

MORE IN KERALA
SHOW MORE