സിറ്റിഗ്യാസ് പദ്ധതി; രണ്ട് എല്‍സിഎന്‍ജി സ്റ്റേഷനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി

city-gas-project
SHARE

സിറ്റിഗ്യാസ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തും ആലപ്പുഴയിലും രണ്ട് എല്‍.സി.എന്‍.ജി സ്റ്റേഷനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കൊച്ചുവേളിയിലും ചേര്‍ത്തലയിലുമാണ് എ.ജി.ആന്‍ഡ് പി പ്രഥമിന്‍റെ രണ്ട് സ്റ്റേഷനുകള്‍ തുറന്നത്. ക്യുബിക് മീറ്ററിന് 60 രൂപ നിരക്കിലാണ് പാചകാവശ്യത്തിന് പ്രകൃതി വാതകം പൈപ്പ്ലൈന്‍ വഴി വിതരണം ചെയ്യുന്നത്.

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് തീരുമോയെന്ന ആശങ്ക വേണ്ടെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. സിലിണ്ടര്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട ആവശ്യവും ഇനിയില്ല. തിരുവനന്തപുരത്തും വീടുകളിലേക്ക് പൈപ്പ് ലൈൻ വഴി പാചകവാതകം എത്തിത്തുടങ്ങി. കൂടുതല്‍ നേരം ചൂടുനിലനില്‍ക്കുമെന്നതും എല്‍.പി.ജിയെ അപേക്ഷിച്ച് പൈപ്പ്ഡ് നാച്വറല്‍ ഗ്യാസിന്‍റെ പ്രത്യേകതയെന്നും ഉപഭോക്താക്കൾ പറയുന്നു. 

അടുക്കളയിലും വീടിന് പുറത്തും റഗുലേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. പുറത്തു സ്ഥാപിച്ചിരിക്കുന്ന മീറ്റര്‍ വഴി ഉപയോഗത്തിന്‍റെ അളവ് അറിയാനാകും. ഉപയോഗത്തിനനുസരിച്ചാണ് ബില്ല് വരുന്നത്. കൊച്ചുവേളിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്ത സി.എന്‍.ജി സ്റ്റേഷന്‍ 80000 വീടുകളില്‍ വാതകം എത്തിക്കാന്‍ പര്യാപ്തമാണ്. ചേര്‍ത്തലയിലേതും സമാനമായ ശേഷിയുള്ള സ്റ്റേഷനാണ്. വ്യവസായമന്ത്രി പി.രാജീവ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു.

ഈ വര്‍ഷം തിരുവനന്തപുരം നഗരസഭ പരിധി, ചേര്‍ത്തല മുനിസിപ്പാലിറ്റി, വയലാര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലായി 361 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ ശൃംഖല എജി ആന്‍ഡ് പി പ്രഥം സ്ഥാപിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഇവര്‍ പൈപ്പ് ലൈന്‍ വഴി പ്രകൃതിവാതകം എത്തിക്കുന്നത്.

City gas project; Two LCNG stations started functioning

MORE IN KERALA
SHOW MORE