തോല്‍വിക്കു പിന്നില്‍ കോണ്‍ഗ്രസ്?; കലഹിക്കാത്ത സതീശന്‍ പാച്ചേനി; അണയാത്ത ആരോപണം

സതീശൻ പാച്ചേനിയുടെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് തോൽവികൾക്ക് പിന്നിൽ കോൺഗ്രസ് തന്നെയായിരുന്നുവെന്ന ആരോപണമാണ് അദ്ദേഹത്തിന്‍റെ മരണശേഷം സമൂഹ മാധ്യമങ്ങളിലടക്കം ഉയരുന്നത്. പാച്ചേനിയുടെ കുടുംബത്തിന്നെ സംരക്ഷിക്കുമെന്ന് പാർട്ടി പറയുമ്പോൾ, ജീവിച്ചിരുന്ന കാലത്ത് പിന്നിൽനിന്ന് കുത്തിയവരെ പാർട്ടി കാണാത്തത് എന്തെന്നാണ് ഉയരുന്ന ചോദ്യം. സ്വന്തം വീടുപോലും നഷ്ടപെടുത്തി പാർട്ടിക്ക് ഓഫീസ് പണിഞ്ഞ നേതാവിനെ നേതൃത്വം പലപ്പോഴും പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

പരിഭവവും  പരാതിയുമില്ലാത്ത നേതാവെന്നാണ് സതീശൻ പാച്ചേനിയെ മരണ ശേഷം  കെ പി.സി സി അദ്ധ്യക്ഷൻ കെ.സുധാകരൻ  അനുസ്മരിച്ചത്. സ്വന്തം നേട്ടങ്ങൾക്കപ്പുറം പാർട്ടിയെ സ്നേഹിച്ച സതീശൻ പാച്ചേനി നേതൃത്വത്തിനോട് കലഹിച്ചിട്ടില്ല. സ്ഥാനമാനങ്ങൾക്കു പിറകെ പോയതുമില്ല, ഭാഗ്യ നിർഭാഗ്യങ്ങളുടെത് കൂടിയാണ് തിരഞ്ഞെടുപ്പുകൾ പക്ഷേ 2016 ലെയും 2021ലെയും നിയമസഭ തിരഞ്ഞെടുപ്പ് തോൽവികളിൽ കൂടെയുണ്ടായിരുന്നവർക്കും പങ്കില്ലെയെന്ന് കണക്കുകൾ നോക്കുമ്പോൾ സംശയിക്കണം , കണ്ണൂരിലെ പല കോൺഗ്രസ് പ്രവർത്തകർക്കും ഇതിൽ പക്ഷേ സംശയമില്ല. 2016 ൽ 1136 വോട്ടിനും 2021 ൽ 1745 വോട്ടിനും സതീശൻ പാച്ചേനി തോറ്റത്തിനു ആരായിരുന്നു കാരണം, അന്വേഷണം നടത്തിയ പാർട്ടി ആർക്കെതിരെ നടപടിയെടുത്തു.മരണ ശേഷവും ഈ ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്. 

കഴിഞ്ഞ തവണ രാജ്യസഭ സീറ്റ് ഒഴിവുവന്നപ്പോൾ എല്ലാ യോഗ്യതകളും ഉണ്ടായിരുന്ന സതീശൻ പാച്ചേനിക്ക് നേതൃത്വം കണ്ട അയോഗ്യത എന്തായിരുന്നു.മരിക്കുമ്പോൾ സ്വന്തമായി ഒരു വീടീല്ലാതിരുന്നതിനും 10 ലക്ഷം രൂപ കടബാധ്യത ഉണ്ടായതിനും അവസാന കാലത്ത്  ഇൻഷുറൻസ്  കമ്പനിയിൽ ജീവനക്കാരനായതിലും കോൺഗ്രസ് നേതൃത്വത്തിന് പങ്കില്ലെന്ന് പറയാനാവുമോഇതു പക്ഷേ വൈകി പോയി , ജീവിത പ്രതിസന്ധി പാർട്ടിയുടെ മുൻപിൽ വെക്കാതിരുന്ന നേതാവിനെ കണ്ടിട്ടും കാണാത്തതായി നടിച്ച നേതൃത്വത്തിന് ഇതൊരു പ്രായശ്ചിതമായി കണക്കാകാം. ഇനിയും സതീശൻ പാച്ചേനിമാർ കോൺഗ്രസിലുണ്ട് സ്ഥാനമാനങ്ങള്‍ക്ക്  വേണ്ടി തിരുവനന്തപുരത്തേക്കും ഡൽഹിലേക്കും  പായാത്തവർ, അവർക്ക് ഈ ഗതി വരാതിരിക്കട്ടെ.