ശ്രീനിവാസൻ വധക്കേസിൽ ആര്‍.ആനന്ദ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ

anand
SHARE

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ആര്‍.ആനന്ദിനെ സര്‍ക്കാര്‍ നിയമിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ഇരുപത്തി ഏഴുപേരെയാണ് ഇതുവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസന്‍ വധക്കേസില്‍ സമ്മര്‍ദങ്ങളെ അതിജീവിച്ച് മികച്ചനിലയില്‍ കേസ് നടത്തുമെന്ന് ആനന്ദ് മനോരമ ന്യൂസിനോട് പറഞ്ഞു.

എലപ്പുള്ളി സ്വദേശിയും എസ്ഡിപിഐ ഭാരവാഹിയുമായ സുബൈര്‍ വധത്തിന്റെ പിറ്റേന്നാണ് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ ആറംഗ സംഘം മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ കൊലയ്ക്ക് പകരമെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കേസില്‍ മുപ്പത്തി ഒന്‍പതുപേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. ഇതില്‍ ഇരുപത്തി ഏഴുപേരാണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാഭാരവാഹിയും അഗ്നിശമനസേന ഉദ്യോഗസ്ഥനും ഉള്‍പ്പെെട പിടിയിലായവരെല്ലാം സജീവമായി പിഎഫ്ഐയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. മാറാട് കലാപം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രോസിക്യൂഷന്റെ ഭാഗമായ ആനന്ദ് ശ്രീനിവാസന്‍ കേസിലും കോടതിയില്‍ ഹാജരാകും. 

എന്‍ഐഎ അന്വേഷിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പട്ടാമ്പിയിലെ സംസ്ഥാന നേതാവുള്‍പ്പെടെ ശ്രീനിവാസന്‍ കേസില്‍ പിടിയിലാകാനുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. പ്രതികളില്‍ വിദേശത്തേക്ക് കടന്നവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. രണ്ടാംഘട്ടത്തില്‍ അറസ്റ്റിലായവര്‍ക്കെതിരായ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 

Government appoints R. Anand as Special Public Prosecutor in Palakkad Srinivasan murder case in which Popular Front activists are accused

MORE IN KERALA
SHOW MORE