ഹൈക്കോടതി അഭിഭാഷക സമ്മേളനത്തിലെ സുരക്ഷയെച്ചൊല്ലി പൊലീസില്‍ അമര്‍ഷം പുകയുന്നു

advocates
SHARE

കൊച്ചിയില്‍ നടക്കുന്ന ഹൈക്കോടതി അഭിഭാഷക സമ്മേളനത്തിലെ സുരക്ഷയെച്ചൊല്ലി പൊലീസില്‍ അമര്‍ഷം പുകയുന്നു. സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ടു അഡ്വക്കേറ്റ് ജനറല്‍ കൊച്ചി കമ്മിഷണര്‍ക്ക് കത്ത് നല്‍കി. അഭിഭാഷക–പൊലീസ് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സുരക്ഷയാവശ്യപ്പെട്ടുള്ള എ.ജിയുടെ കത്ത്. പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതകള്‍ അനുവദിക്കരുതെന്നാണ് പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍റെ വാദം. 

കരുനാഗപ്പള്ളിയില്‍ അഭിഭാഷകനെ മര്‍ദിച്ചെന്നാരോപിച്ച് സി.ഐ യടക്കം നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത്തില്‍ സേനയില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് അഭിഭാഷക സമ്മേളനത്തിനു തന്നെ സുരക്ഷയൊരുക്കാന്‍ പൊലീസെത്തുന്നത്. കരുനാഗപ്പള്ളിയില്‍ ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിച്ചെതെന്നു ചൂണ്ടികാട്ടി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പൊലീസ് അസോസിയേഷന്‍ പരാതി നല്‍കിയിരിക്കുകയാണ്. 

ബോള്‍ഗാട്ടിയില്‍ ഇന്നു നടക്കുന്ന ഹൈക്കോടതി അഭിഭാഷക സമ്മേളനത്തില്‍ എ.ജി , കെ.ഗോപാലകൃഷ്ണകുറുപ്പ് കമ്മിഷണര്‍ക്കു നല്‍കിയ കത്തിന്‍റെയടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷയൊരുക്കിയത്. എ.ജിയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.  അഭിഭാഷക സമ്മേളനത്തില്‍ എന്തു സുരക്ഷാ പ്രശ്നമാണുണ്ടാവുകയെന്നതാണ് പൊലീസ് ചോദ്യം. ഇത്തരത്തിലുള്ള പ്രവണതകള്‍ അനുവദിച്ചാല്‍  പൊലീസിന്‍റെ വിലയില്ലാതാകുമെന്നും സുരക്ഷയാവശ്യപ്പെടുന്ന അല്‍പന്‍മാരുടെ എണ്ണം കൂടുമെന്നുമാണ്  പൊലീസിന്‍റെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. ആഡംബര വേദികളിലെ പ്രദര്‍ശനവസ്തുവാക്കി മാറ്റരുതെന്നാവശ്യപ്പെട്ട്  പൊലീസ് അസോസിയേഷന്‍ സെക്രട്ടറി സി.ആര്‍.ബിജു മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി. നേരത്തെ കണ്ണൂരിലെ സ്വകാര്യ ചടങ്ങിനു പൊലീസിനെ സുരക്ഷയൊരുക്കാന്‍ അനുവദിച്ചതും വലിയ വിവാദമായിരുന്നു.

MORE IN KERALA
SHOW MORE