റാഗിങ്ങിനിരയായി പ്ലസ് വൺ വിദ്യാർഥി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

ragging
SHARE

കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥി റാഗിങ്ങിനിരയായ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ്.  കണ്ണൂർ റീജിയനൽ ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണചുമതല. മനോരമ ന്യൂസ് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ്  നടപടി. അതേസമയം റാഗിങ്ങിൽ ഏർപ്പെട്ട  എട്ട് വിദ്യാർഥികളെ അന്വേഷണവിധയമായി സ്കൂൾ പ്രിൻസിപ്പൽ സസ്പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് അംഗടിമുഗർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി റാഗിങ്ങിനിരയായത്. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പൊതു വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടത്. കാസർകോടിന്റെ ചുമതലയുള്ള കണ്ണൂർ റീജിയനൽ ഡെപ്യൂട്ടി ഡയറക്ടർ  സംഭവത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട്‌ സമർപ്പിക്കണം. അതേ സമയം ദൃശ്യങ്ങളിൽ കാണുന്ന എട്ട് വിദ്യാർഥികളെ സ്കൂൾ അധികൃതർ പതിനാല് ദിവസത്തേക്ക് സസ്പെന്റ് ചെയ്തു. 

സ്കൂളിന് സമീപമുള്ള  ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയത്. സാങ്കൽപ്പികമായി മോട്ടോർ സൈക്കിൾ ഓടിക്കാൻ ആവശ്യപ്പെട്ടു. വിദ്യാർഥി വിസമതിച്ചതോടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം വിദ്യാർഥിയുടെയും സ്കൂൾ അധികൃതരുടെയും പരാതിയിൽ കുമ്പള പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

MORE IN KERALA
SHOW MORE