ആലപ്പുഴയിൽ ട്രെയിൻ തട്ടി മരിച്ച കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ആലപ്പുഴ പുന്നപ്രയിലെ നന്ദു എന്ന ശ്രീരാജിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് വിവാദമായതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ജില്ല പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. നന്ദുവിനെ മർദിച്ച മുന്ന, ഫൈസൽ എന്നിവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വണ്ടാനത്ത് റെയിൽവേ ട്രാക്കിൽ  നന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുന്നപ്രയിലുണ്ടായ  അടിപിടിക്ക് ശേഷമാണ് നന്ദുവിനെ കാണാതായത്. നന്ദുവിന്റെ മരണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും വീട് സന്ദർശിക്കുകയും ഡിവൈഎഫ്ഐക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തതോടെ മരണമായി ബന്ധപ്പെട്ട വിവാദവും ശക്തമായി. ഇതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

സഹോദരി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ നന്ദുവിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 8 പേർക്കെതിരെ കേസെടുത്തു.

 നന്ദു അടക്കമുള്ള 4 പേർക്കെതി മറ്റൊരു കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.. അതേസമയം ചിലർ പിന്തുടരുന്നതിനിടെ നന്ദു ട്രെയിൻ തട്ടി മരിച്ചെന്ന കുടുംബത്തിന്റെ ആരോപണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നന്ദുവിനെ മർദിച്ച മുന്ന, ഫൈസൽ എന്നിവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.