വനിതകൾക്കും ട്രാൻസ്ജെന്ററുകൾക്കും കൂടുതൽ പരിഗണന; സംരഭകർക്ക് 20 ലക്ഷം രൂപ വരെ ധനസഹായം

പുതുസംരംഭകരിൽ വനിതകൾക്കും ട്രാൻസ്ജെന്ററുകൾക്കും കൂടുതൽ പരിഗണന നൽകി കേരള സ്റ്റാർട്ട് അപ്പ് മിഷൻ. നൂതനാശയങ്ങളുമായി എത്തുന്ന സംരഭകർക്ക് 20 ലക്ഷം രൂപ വരെയാണ് ധനസഹായം ലഭിക്കുക. സംസ്ഥാന സർക്കാരിന്റെ ഇന്നൊവേഷൻ ഗ്രാന്റ് വഴിയാണ് നൂതനാശയങ്ങളുമായെത്തുന്ന  സംരംഭകർക്ക് ധനസഹായം ലഭിക്കുക. ഐഡിയ, പ്രൊഡക്റ്റൈസേഷൻ, സ്കെയ്ൽ അപ്, മാർക്കറ്റ് ആക്സിലറൈസേഷൻ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ധനസഹായം. മികച്ച ആശയങ്ങൾക്കാണ് മൂന്നുലക്ഷം രൂപ വരെ ഐഡിയ ഗ്രാന്റ് നൽകുക. 

നൂതനാശയങ്ങൾ രൂപപ്പെടുത്തുന്നതിന് വിദ്യാർഥികൾക്ക് രണ്ട് ലക്ഷം രൂപയുടെ ഗ്രാന്റ് നൽകും. വളർച്ചയുടെ ഘട്ടത്തിൽ കൂടുതൽ നിക്ഷേപവും, ഉൽപ്പന്ന വികാസവും, വരുമാനവും വരുമാഹിക്കുന്നവർക്ക് 15 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. നിലവിലെ മാനദണ്ഡങ്ങൾക്ക് പുറമേ വനിതകൾക്കും, ട്രാൻസ്ജെന്ററുകൾക്കും പ്രൊഡക്റ്റൈസേഷൻ ഗ്രാന്റിൽ 5 ലക്ഷം രൂപ കൂടുതൽ ലഭിക്കും. ഇന്ത്യയിൽ ഇതാദ്യമായാണ് ട്രാൻസ്ജെന്ററുകൾക്ക് സ്റ്റാർട്ട്അപ്പ് ധനസഹായത്തിൽ പ്രത്യേക പരിഗണന നൽകുന്നതെന്ന് കേരള സ്റ്റാർട്ട് അപ് മിഷൻ അറിയിച്ചു. ഏത് മേഖലയിൽ നിന്നുള്ളവർക്കും പുത്തനാശയങ്ങളുമായി സ്റ്റാർട്ട് അപ്പ് മിഷനെ സമീപിക്കാം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8 കോടിയിലധികം രൂപയാണ് സംരംഭകർക്ക് ധനസഹായമായി സ്റ്റാർട്ട് അപ്പ് മിഷൻ അനുവദിച്ചത്.