പക ഇല്ലാതാക്കാൻ ബോധവൽക്കരണം; സൂര്യപ്രിയയുടെ നീതിക്കായി ഒപ്പമുണ്ട്; ചിന്താ

ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ ഡിവൈഎഫ്ഐ പ്രവർത്തക സൂര്യപ്രിയയുടെ െകാലപാതകത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. വ്യക്തികളെയും അവരുടെ  സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവ രൂപീകരണം യുവതയെ ഇത്തരത്തിലുള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണെന്നും. നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാൻ ബോധവൽക്കരണ ക്യാംപെയിനുകൾ വ്യാപിപ്പിക്കുമെന്നും ചിന്ത കുറിച്ചു. യുവതിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് വീട്ടിലെത്തി സൂര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. സൗഹൃദബന്ധത്തിലെ പ്രശ്നങ്ങളാണ് െകാലപാതകത്തിലേക്ക് നയിച്ചത്.

ചിന്തയുടെ കുറിപ്പ് ഇങ്ങനെ: ‘വലിയ ഞെട്ടലോടെയാണ് പാലക്കാട് കോന്നലൂർ സ്വദേശി സൂര്യ പ്രിയയുടെ കൊലപാതക വാർത്തയും കേരള സമൂഹം കേട്ടത്.സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ഭാവിയിൽ നേതൃപരമായി സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയുമായ പെൺകുട്ടിയെയാണ് പ്രതി സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത്. വ്യക്തികളെയും അവരുടെ  സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവ രൂപീകരണം യുവതയെ ഇത്തരത്തിലുള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുകയാണ്. നാളെയുടെ പ്രതീക്ഷകളെ തല്ലികെടുത്തുന്ന ഇത്തരം പകകളെ ഇല്ലാതാക്കാൻ ബോധവൽക്കരണ ക്യാമ്പയിനുകൾ വ്യാപിപ്പിക്കും. ഈ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ട്.’

സൂര്യ മരിച്ചെന്ന് ഉറപ്പായ ശേഷം അവളുടെ െമാബൈൽ ഫോണുമായി പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു. പൊലീസുകാർ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാരും െകാലപാതകം അറിയുന്നത്. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി സൗഹൃദത്തിലായിരുന്നുവെന്നും അതിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന സൂര്യപ്രിയ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.  ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്. കൊലപാതകത്തിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. ആലത്തൂര്‍ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.