'മോൻ വാ, ചെരിപ്പ് വാങ്ങി തരാം'; ചേർത്ത് പിടിച്ച് വി.ഡി.; ബെൽറ്റുള്ള ചെരിപ്പിട്ട് ഹാപ്പിയായി കുരുന്ന്

vdkid-05
SHARE

എറണാകുളം ഇളന്തിക്കര ഗവൺമെന്റ് എൽ. പി സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിക്കാനെത്തിയതിനിടെയാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അമ്മയുടെ ഒക്കത്ത് നിന്ന് ഇറങ്ങാത്ത കുരുന്നിനെ കണ്ടത്. മോനെന്താ താഴെ ഇറങ്ങാത്തത് എന്ന ചോദ്യത്തിന് ക്യാംപിലേക്ക് വരുന്ന വഴിക്ക് ചെരിപ്പ് നഷ്ടപ്പെട്ടത് കൊണ്ടാണെന്ന് കുട്ടിയുടെ അമ്മ ബിന്ദു മടിച്ച് മടിച്ച് മറുപടി പറഞ്ഞു. എന്നാൽ മോൻ വാ ചെരിപ്പ് വാങ്ങിത്തരാം എന്നായി വി.ഡി.

ബെൽറ്റുള്ള ചെരുപ്പ് വേണമെന്ന ഒന്നാം ക്ലാസുകാരൻ ജയപ്രസാദിന്റെ ആവശ്യം സാധിക്കാൻ കുട്ടിയുമായി വി.ഡി നേരെ കവലയിലെ കടയിലെത്തി. മഴയത്ത് ഇടാവുന്ന ഒരു ചെരിപ്പും ജയപ്രസാദ് ചോദിച്ച ബെൽറ്റുള്ള ചെരിപ്പും കൂടാതെ ചോക്ലേറ്റും ബിസ്ക്കറ്റും വാങ്ങി നൽകി. പോകാനൊരുങ്ങിയ വി.ഡിയോട് ഈ കാറിൽ തന്നെ ക്യാംപിൽ കൊണ്ട് വിടുമോയെന്ന് ജയപ്രസാദ്. പിന്നെന്താ പോകാലോ എന്ന മറുപടിയോടെ പ്രതിപക്ഷ നേതാവ് വീണ്ടും ക്യാംപിലേക്ക്.

സ്കൂൾ തുറക്കുന്നതിന് മുമ്പ് വീട്ടിൽ വന്നപ്പോൾ കണ്ടില്ലല്ലോ എന്ന ചോദ്യത്തിന് അന്ന് ചൂണ്ടയിടാൻ പോയെന്നായിരുന്നു ജയപ്രസാദിന്റെ മറുപടി. പട്ടം തെനപ്പുറം സ്വദേശിയായ മഹേഷിന്റെയും ബിന്ദുവിന്റെയും മകനാണ് ജയപ്രസാദ്. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് മഹേഷിന്റെ രണ്ട് കാലുകളും നേരത്തെ മുറിച്ച് മാറ്റിയിരുന്നു. ഭാര്യ ബിന്ദു ലോട്ടറി കച്ചവടം നടത്തിയാണ് കുടുംബം കഴിയുന്നത്. ക്യാംപിലേക്കുള്ള യാത്രയിൽ പോയ ചെരിപ്പിന് പകരം രണ്ട് ചെരിപ്പ് കിട്ടിയ സന്തോഷത്തിലാണ് ജയപ്രസാദ് ഇപ്പോൾ.

MORE IN KERALA
SHOW MORE