ബിഎസ്എഫ് ജവാന് സംഭവിച്ചത് എന്ത്? കാര്യങ്ങൾ ഓർത്തു പറയാൻ പറ്റാത്ത അവസ്ഥയിൽ നാട്ടിലെത്തി

bsf-jawan
SHARE

നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാർഥനകൾ ഫലം കണ്ടു;  അവധിയിൽ നാട്ടിലേക്കു തിരിക്കവെ കാണാതായ ബിഎസ്എഫ് സൈനികൻ നാട്ടിലെത്തി. ബംഗാൾ ബിഎസ്എഫ് 21– ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ വെണ്ടാർ ജിഡബ്ല്യുഎൽപിഎസിനു സമീപം കാട്ടൂരഴികത്ത് വീട്ടിൽ ബി.പി.സുരേഷ് കുമാറാണ്(47) ആശങ്കകളുടെ ദിന രാത്രങ്ങൾക്കു വിരാമമിട്ട് ശനി രാത്രി വീട്ടിലെത്തിയത്. ട്രെയിനിൽ കായംകുളത്തെത്തിയ സുരേഷ് കുമാറിനെ ബന്ധുക്കൾ എത്തി കൂട്ടിക്കൊണ്ടു വരികയായിരുന്നു.

ആരോഗ്യസ്ഥിതിക്കു കാര്യമായ കുഴപ്പമില്ലെങ്കിലും കാര്യങ്ങൾ ഓർത്തു പറയാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. എതെങ്കിലും തരത്തിലുള്ള ആക്രമണത്തിനിരയായതാണോ എന്നു ബന്ധുക്കൾക്കു സംശയമുണ്ട്. ട്രെയിനിലെ ലോക്കൽ കംപാർട്മെന്റിൽ ആരോ കയറ്റിവിട്ടതാകാം എന്നും കരുതുന്നു. ടിക്കറ്റ് ഉണ്ടായിരുന്നില്ല. പഴ്സിനും ബാഗിനും ഒപ്പം, വിരലിൽ ധരിച്ചിരുന്ന മോതിരവും നഷ്ടപ്പെട്ടിരുന്നു. ട്രെയിനിൽ ഭക്ഷണം നൽകിയ ജീവനക്കാരൻ സുരേഷിന്റെ ഭാര്യയുടെ നമ്പറിലേക്കു വിളിച്ചപ്പോഴാണ് സുരേഷ് കുമാർ ട്രെയിൻ യാത്രയിലാണെന്നു വീട്ടുകാർക്കു മനസിലായത്. 

വിവരം പൊലീസിൽ അറിയിച്ചതോടെ റെയിൽവേ പൊലീസ് ഉൾപ്പെടെ ജാഗ്രത പുലർത്തുകയും സ്റ്റേഷനുകളിൽ വിവരം കൈമാറുകയും ചെയ്തു. ഇതിനിടയിൽ കായംകുളത്തിറങ്ങിയ സുരേഷ് കുമാറിനെ റെയിൽവേ പൊലീസ് കരുതലിലാക്കി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ പുത്തൂർ പൊലീസ് സുരേഷ് കുമാറിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കുകയും മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുകയും ചെയ്ത ശേഷം ബന്ധുക്കൾക്ക് ഒപ്പം വിട്ടയച്ചു. തിരഞ്ഞെടുപ്പു ജോലികൾക്കായി സഹസൈനികർക്കൊപ്പം ബംഗാളിൽ നിന്നു യുപിയിൽ എത്തിയ സുരേഷ്കുമാർ അവിടെ നിന്ന് അവധിക്കു നാട്ടിലേക്ക് തിരിക്കുന്നതിനിടയിലാണ് കാണാതായത്. 

ഈ മാസം 18ന് രാത്രി 10.40ന് സുരേഷ്കുമാർ ഭാര്യ വിളിച്ചിരുന്നു. യുപിയിലെ മുറാദാബാദിൽ നിന്ന് ഡൽഹിയിലേക്കു ബസിൽ യാത്ര ചെയ്യുകയാണെന്നും അവിടെ നിന്നു ട്രെയിനിൽ നാട്ടിലെത്തുമെന്നും പറഞ്ഞു. ഇതിനു ശേഷം സുരേഷ്കുമാറിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. 3 ദിവസം കാത്തിരുന്നിട്ടും നാട്ടിലെത്തിയില്ല. അടുത്ത ദിവസം സുരേഷ്കുമാറിന്റെ പഴ്സും ബാഗും ഡൽഹിയിൽ 2 സ്ഥലങ്ങളിൽ നിന്നു കണ്ടുകിട്ടിയ വിവരം കൂടി അറിഞ്ഞതോടെ ബന്ധുക്കൾ ബിഎസ്എഫ് ഡയറക്ടർ ജനറലിനും പുത്തൂർ പൊലീസിനും പരാതി നൽകുകയായിരുന്നു.   കൊടിക്കുന്നിൽ സുരേഷ് എംപിയും വിഷയത്തിൽ ഇടപെട്ടിരുന്നു. 23 വർഷമായി സുരേഷ് കുമാർ ബിഎസ്എഫിലാണ്.

MORE IN KERALA
SHOW MORE