വിദേശത്തുള്ള പ്രതികളുടെ അറസ്റ്റും മുൻകൂർ ജാമ്യവും; വ്യക്തത വരുത്താൻ ഹൈക്കോടതി

high-court.jpg.image.845.440
SHARE

വിദേശത്തുള്ള പ്രതികളുടെ അറസ്റ്റും മുൻകൂർ ജാമ്യവും സംബന്ധിച്ച നിയമപ്രശ്നനങ്ങളിൽ വ്യക്തത വരുത്താൻ ഹൈക്കോടതി. രാജ്യവിടുന്ന പ്രതികൾക്ക് മുൻകൂർ ജാമ്യം തേടാൻ അവകാശമുണ്ടോ എന്നത് സംബന്ധിച്ച വ്യത്യസ്ത കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഇക്കാര്യം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനക്ക്  വിടാൻ കോടതി തീരുമാനിച്ചു.

ബലാൽസംഗക്കേസിൽ നടനും നിർമ്മാതാവുമായ വിജയ്ബാബുവിന്‌    മുൻ‌കൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള  ഉത്തരവിൽ ആണ് വിദേശത്തുനിന്നും  പ്രതികൾക്ക്   മുൻ‌കൂർ  ജാമ്യം  തേടാൻ അവകാശമുണ്ടെന്ന്  ഹൈക്കോടതി  വ്യക്തമാക്കിയത്. വിദേശത്തുള്ള പ്രതികൾക്ക് മുൻ‌കൂർ ജാമ്യം തേടാമെങ്കിലും കേസിന്റെ അന്തിമവാദം കേൾക്കുമ്പോൾ  രാജ്യത്തു ഉണ്ടാവണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ വിദേശത്തു കഴിയുന്ന പ്രതിക്ക് മുൻകൂർ ജാമ്യം തേടാൻ അവകാശമില്ലെന്ന് നേരത്തെ മറ്റു രണ്ടു കേസുകളിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. 

വ്യത്യസ്ത കോടതി വിധികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയമ പ്രശ്നത്തിൽ വ്യക്തത വരുത്താൻ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ  വിഷയം  ഡിവിഷൻ ബെഞ്ചിന്  വിട്ടത്. കുറ്റകൃത്യത്തിന് ശേഷം രാജ്യംവിട്ട പ്രതിയുടെ അറസ്റ്റ് തടയാനും, ഇടക്കാല ജാമ്യത്തിനുമുള്ള   അവകാശവും ഡിവിഷൻ ബെഞ്ച് പരിശോധിക്കും. ഇടക്കാല ജാമ്യം അനുവദിക്കാതെ പ്രതിയുടെ അറസ്റ്റ് വിലക്കുന്നതിനുള്ള സാഹചര്യവും പരിഗണനക്ക് വരും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ കുവൈറ്റിൽ കഴിയുന്ന പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിർണായക തീരുമാനമെടുത്തത്. പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

MORE IN KERALA
SHOW MORE