ഗൃഹപ്രവേശനത്തിന് ലഭിച്ച പണം കൊണ്ട് ജീവകാരുണ്യം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് വീടൊരുങ്ങി

charity-home
SHARE

ജീവകാരുണ്യത്തിന്റെ വേറിട്ട മാതൃകയായി ദയ ഭവനം കൈമാറി. പാലക്കാട് തേങ്കുറിശ്ശിയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന ദിലീപിനായി ദയ ചാരിറ്റബിൾ ട്രസ്റ്റ് വീട് നിര്‍മിച്ച് നല്‍കിയത്. ട്രസ്റ്റ് ചെയര്‍മാന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പണമായി മാത്രം സ്വീകരിച്ച തുക കൊണ്ടാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

കഴിഞ്ഞ മേയ് പതിനഞ്ചിനായിരുന്നു ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ.ബി രമേഷിന്റെ ഗൃഹപ്രവേശം. ക്ഷണക്കത്തില്‍ പാരിതോഷികങ്ങള്‍ നിര്‍ബന്ധപൂര്‍വം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ പണമായി മാത്രം നല്‍കുക. പണം ഉപയോഗിച്ച് തേങ്കുറിശ്ശി സ്വദേശി ദിലീപിന് കൈത്താങ്ങാകും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഗൃഹപ്രവേശത്തിന് എത്തിയവര്‍ സമ്മാനങ്ങൾക്ക് പകരം തുക കൈമാറിയപ്പോൾ മണിക്കൂറുകൾകൊണ്ട് സമാഹരിക്കാനായത് മൂന്നു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ. അഞ്ച് വര്‍ഷം മുന്‍പ് ലൈഫ് മിഷൻ വഴി ലഭിച്ച ധനസഹായമുണ്ടായി‍ട്ടും ദിലീപിന്റെ പാതിവഴിയിൽ മുടങ്ങിപ്പോയ ഗൃഹനിർമാണം പൂർത്തിയാക്കാൻ മൂന്നരലക്ഷം രൂപയായിരുന്നു വേണ്ടിയിരുന്നത്. ബാക്കി തുക ചേര്‍ത്ത് ഒരുമാസം കൊണ്ട് ഗൃഹനിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയപ്പോൾ ജീവകാരുണ്യത്തിന്റെ മറ്റൊരു മാതൃകയായി അത് മാറി. തേങ്കുറിശ്ശിയിലെ  ചടങ്ങിൽ എംഎൽഎ കെ.ഡി പ്രസേനൻ താക്കോൽ കൈമാറി. 

ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. ദയ നിര്‍മിച്ച് നല്‍കുന്ന പതിനഞ്ചാമത്തെ വീടാണ് തേങ്കുറിശ്ശിയിലേത്.  

MORE IN KERALA
SHOW MORE