വീട്ടില്‍ കയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെ‌ടുത്താന്‍ ശ്രമിച്ച കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

houseattack
SHARE

തിരുവല്ല വള്ളംകുളത്ത് വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശികളായ ജിഷ്ണുവും സഹോദരന്‍ ജിതിനുമാണ് അറസ്റ്റിലായത്. വള്ളംകുളം സ്വദേശി ശശിധരന്‍ നായരെ കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെ‌ടുത്താന്‍ ശ്രമിച്ചതാണ് കേസ്.

കഴിഞ്ഞ മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം. നിലം നികത്തലുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വള്ളംകുളം സ്വദേശി ശശിധരന്‍ നായരെ വീട്ടില്‍ കയറി ആക്രമിച്ചതായാണ് പരാതി. കമ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയും തടയാന്‍ ശ്രമിച്ച ഭാര്യ സോണിയയെ മര്‍ദിക്കുകയും ചെയ്തു. സംഭവശേഷം ഒളിവില്‍പ്പോയ പ്രതികളെ സിഐ പി.എസ് വിനോദിന്‍റെ നേതൃത്വത്തില്‍ കാവാലത്തെ ബന്ധുവിന്‍റെ വീട്ടില്‍നിന്നാണ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി വള്ളംകുളം സ്വദേശി പ്രദീപ് കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. ശശിധരന്‍ നായരും പ്രദീപിന്‍റെ അയല്‍വാസിയും തമ്മില്‍ നിലം നികത്തലുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

അറസ്റ്റിലായ പ്രതികളെ തിരുവല്ല കോടതി റിമാന്‍ഡ് ചെയ്തു. പിടിയിലായ ജിഷ്ണുവിനെതിരെ തൃക്കൊടിത്താനം, പുളിങ്കുന്ന് പൊലീസ് സ്റ്റേഷനുകളിലായി വധശ്രമമടക്കം മൂന്ന് കേസുകളുണ്ട്. ഇതുകൂടാതെ ചങ്ങനാശേരി എക്സൈസ് ഓഫിസില്‍ കഞ്ചാവ് കേസും ഉള്ളതായി പൊലീസ് പറഞ്ഞു.

MORE IN KERALA
SHOW MORE