കൃഷി കത്തിനശിച്ചു; നഷ്ടപരിഹാരമില്ല; ഒാഫീസുകള്‍ കയറിയിറങ്ങി വലഞ്ഞ് കർഷകൻ

അഞ്ചു വര്‍ഷം മുന്‍പ് 18 ഏക്കര്‍ ഭൂമിയിലെ മുഴുവന്‍ നെല്ലും കത്തി നശിച്ച കര്‍ഷകന് ഇന്‍ഷുറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ സഹായവും ലഭിച്ചില്ലെന്ന് പരാതി. മലപ്പുറം ഒതുക്കുങ്ങല്‍ വലിയപീടിയേക്കല്‍ മുഹമ്മദാണ് നഷ്ടപരിഹാരം തേടി ഒാഫീസുകള്‍ കയറിയിറങ്ങി വലഞ്ഞത്.

മുഹമ്മദ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കി മടുത്തു. പാട്ടഭൂമിയിലെ കൃഷിക്ക് എല്ലാ വര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയം കൃത്യമായ അടച്ചിരുന്നു. 2017 ഫെബ്രുവരി 12നാണ് ആകെ കൃഷി ചെയ്ത 27 ഏക്കറില്‍ 18 ഏക്കറിലെ കൃഷിയും അഗ്നിക്കിരയായി. ഒരു ഭാഗത്തു നിന്ന് തീയാളിപ്പടരുന്നത് കണ്ടെങ്കിലും ശക്തമായ കാറ്റില്‍ കെടുത്താനായില്ല. വയലിലേക്ക് അഗ്നിരക്ഷാ സേനയുടെ വാഹനം എത്തിക്കാന്‍ പറ്റാത്തതും നഷ്ടം പൂര്‍ണമാക്കി.

പത്തു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പരിസരത്തെ മറ്റു കര്‍ഷകര്‍ക്കും നഷ്ടം സംഭവിച്ചെങ്കിലും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്തതുകൊണ്ട് മറ്റാരും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമില്ല. ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ മുഹമ്മദ് യോഗ്യനാണന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുബോഴും ആനുകൂല്യം മാത്രം അകലെയാണ്.