പ്രതിസന്ധിയിലും ആഘോഷം കുറയ്ക്കില്ല; ലോകകേരള സഭക്കായി ചിലവാക്കുന്നത് കോടികൾ

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആഘോഷം കുറയ്ക്കാതെ ലോകകേരള സഭ. വേദി ക്രമീകരണത്തിനും കലാപരിപാടികള്‍ക്കുമായി 40 ലക്ഷം രൂപയാണ് അനുവദിച്ചത്. അംഗങ്ങളുടെ താമസത്തിനും ഭക്ഷണത്തിനും കൂടി 55 ലക്ഷം രൂപയാണ് ചെലവ്. ആകെ മൂന്നുകോടി രൂപ അനുവദിച്ചുള്ള നോര്‍ക്ക വകുപ്പ് ഉത്തരവ് മനോരമ ന്യൂസിന് ലഭിച്ചു.

അടുത്ത വെള്ളി, ശനി ദിവസങ്ങളിലായി നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് മൂന്നാം ലോകകേരളസഭ ചേരുന്നത്. 351 പ്രതിനിധികള്‍ പങ്കെടുക്കും. ഉദ്ഘാടനചടങ്ങുകളുടെ ഭാഗമായും തുടര്‍ന്നുള്ള ദിവസങ്ങളിലും കലാപരിപാടികളുണ്ട്. വേദിക്രമീകരണത്തിനും പരിപാടികള്‍ക്കുമായി 40 ലക്ഷം രൂപ അനുവദിച്ചു. വിമാനടിക്കറ്റിനായി അഞ്ചുലക്ഷം, താമസത്തിന് 40 ലക്ഷം, ഭക്ഷണത്തിന് 15 ലക്ഷം, ക്രമീകരണങ്ങള്‍ക്ക് 10 ലക്ഷം എന്നിങ്ങനെയാണ് ഭരണാനുമതി നല്‍കിയത്. 

മൂന്നാം ലോകകേരളസഭയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ഒരുകോടി നീക്കിവച്ചിട്ടുണ്ട്. ലോകകേരളസഭ സെക്രട്ടേറിയറ്റിനായി അരക്കോടിയാണ് അനുവദിച്ചത്. വെബ്സൈറ്റ് നടത്തിപ്പിന് മൂന്നു ലക്ഷം ഐടി അടിസ്ഥാനസൗകര്യം അനുബന്ധപ്രവര്‍ത്തനം എന്നിവയ്ക്ക് 12 ലക്ഷം ആദ്യ രണ്ട് ലോകകേരളസഭകള്‍ എടുത്ത തീരുമാനങ്ങളുടെ നടത്തിപ്പിന് 20 ലക്ഷം എന്നിങ്ങനെയാണ് സെക്രട്ടേറിയറ്റ് പ്രവര്‍ത്തനത്തിനായി നീക്കിവച്ചിരിക്കുന്നത്. 

ലോകകേരളസഭയുടെ പേരില്‍ ധൂര്‍ത്തുനടക്കുന്നു എന്നാരോപിച്ച് കഴിഞ്ഞതവണ പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. ധൂര്‍ത്ത് ഒഴിവാക്കിയാല്‍ ഇത്തവണ സഹകരിക്കുമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞിരിക്കുന്നത്. നടത്തിപ്പ് സുതാര്യമാകണം, ആദ്യരണ്ട് ലോകകേരളസഭയുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കണം, അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ പ്രതിപക്ഷത്തെ പ്രവാസിസംഘടനകളെ കൂടി പരിഗണിക്കണം എന്നീ നിബന്ധനകളും മുന്നോട്ടുവച്ചിട്ടുണ്ട്.