തിരഞ്ഞെടുപ്പ് വിജയത്തിന്റെ മധുരം അഗതികള്‍ക്കൊപ്പം പങ്കിട്ട് ഉമാ തോമസ്

തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ മധുരം അഗതികള്‍ക്കൊപ്പം പങ്കിട്ട് ഉമാ തോമസ്. തേവര വൃദ്ധമന്ദിരത്തില്‍ നിയുക്ത എം.എല്‍.എ സദ്യ വിളമ്പി. ഉമയും അഗതികള്‍ക്കൊപ്പമിരുന്ന് സദ്യ കഴിച്ചു.

തൂശനിലയിട്ട് കാത്തിരുന്നവര്‍ക്ക് നടുവിലേക്ക് നിറ പുഞ്ചിരിയുമായാണ് നിയുക്ത എം.എല്‍.എ കയറി ചെന്നത്.സന്തോഷങ്ങള്‍ അപൂര്‍വമായ അവിടെ ഉമയുടെ സാനിധ്യം അല്‍പം ആശ്വാസമായിരുന്നു. പനിനീര്‍ പൂക്കള്‍ നല്‍കി അവര്‍ സ്വീകരിച്ചു. എത്താന്‍ വൈകിയതില്‍ ക്ഷമചോദിച്ച്  ഊണ് വിളമ്പി.

ഭക്ഷണത്തിന് മുന്‍പുള്ള പ്രാര്‍ഥനയ്ക്ക് മാറ്റമില്ലായിരുന്നു. ഇലചീന്തില്‍ അല്‍പമാഹാരം പി.ടിയ്ക്ക് മാറ്റിവച്ച് ഉമയും അവര്‍ക്കൊപ്പമിരുന്നു.സദ്യകഴിച്ച് എഴുേന്നറ്റവര്‍ സങ്കടങ്ങളില്‍ ചിലത് നിയുക്ത എം.എല്‍.എയുമായി പങ്കുവച്ചു.ഭിന്നശേഷികാരുമുണ്ടായിരുന്നു അഗതിമന്തിരത്തില്‍. 

ജയം ആഘോഷിക്കാന്‍ സദ്യ ഒരുക്കിയത് മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍  ധര്‍മടത്തെ കോണ്‍ഗ്രസ്  അനുഭാവികളായിരുന്നു. എല്ലാവര്‍ക്കുമൊപ്പം ഏറെ നേരം ചെലവിട്ടാണ് ഉമ മടങ്ങിയത്.