അനുപമയും ഏയ്ഡനും യൂട്യൂബിലെ താരങ്ങൾ; വ്ലോഗുകൾ വൈറൽ; വിഡിയോ

തിരുവനന്തപുരം: ദത്തുവിവാദത്തിലൂടെ ശ്രദ്ധ നേടിയ അനുപമ എസ്.ചന്ദ്രനും ഭർത്താവ് അജിത്കുമാറും മകൻ ഏയ്ഡൻ എന്ന ഏയ്ബൂവും യൂട്യൂബിലെ താരങ്ങൾ!. മൂന്നുപേരും ഒരുമിച്ചുള്ള ഫാമിലി വ്ലോഗുകളാണു വൈറലാവുന്നത്. രണ്ടു മാസം മുൻപു യൂ ട്യൂബിൽ റിലീസ് ചെയ്ത ആദ്യ വിഡിയോ നാലു ലക്ഷത്തോളം പേർ കണ്ടു . ആറു വ്ലോഗ് വിഡിയോകളാണ് ഇതിനകം റിലീസ് ചെയ്തത്. മാതാപിതാക്കൾക്കു മകനെ തിരിച്ചുകിട്ടാൻ പ്രാർഥനയോടെ കാത്തിരുന്ന, ലോകമെങ്ങുമുള്ള ഒട്ടേറെപ്പേർ കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കി വിളിക്കാറുണ്ട്. എങ്കിൽ എന്തുകൊണ്ട് അവന്റെ വിശേഷങ്ങൾ ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവച്ചുകൂടാ എന്നു ചിന്തിച്ചതോടെയാണു വ്ലോഗ് എന്ന ആശയത്തിലേക്കെത്തിയത്.

കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള സമര പരിപാടികൾക്കിടെ സൗഹൃദത്തിലായ ചിലർ ഇതിനുള്ള സാങ്കേതിക സഹായങ്ങളും നൽകി. ‘അനുപമ അജിത് വ്ലോഗ്’ എന്ന പേരിലാണു വ്ലോഗുകൾ. വീട്ടുവിശേഷം, പാചകം, കുഞ്ഞുമൊത്തുള്ള യാത്രകൾ, രാത്രി കറക്കം, ഷോപ്പിങ്, അനുപമയ്ക്കും അജിത്തിനും ഇടയിലെ രസകരമായ ചാലഞ്ചുകൾ എന്നിവയൊക്കെയാണു വിഷയങ്ങൾ. വിഡിയോകൾ ഹിറ്റ് ആയതോടെ യൂ ട്യൂബിൽ നിന്നു ചെറിയ വരുമാനവും ലഭിച്ചു തുടങ്ങി.

വിവാദത്തിനു മുൻപു പേരൂർക്കടയിലെ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്നു അജിത്. അടുത്തിടെ ഈ ജോലിയിൽ തിരികെ പ്രവേശിച്ചു. കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം ബിരുദം പൂർത്തിയാക്കാനുള്ള പഠനത്തിലാണ് അനുപമ. ചെമ്പഴന്തി എസ്എൻ കോളജിൽ അവസാന വർഷ ബിഎസ്‍സി ഫിസിക്സ് വിദ്യാർഥിനിയാണ്. തിരുമല വലിയവിളയിലാണ് താമസം. അജിത്തിന്റെ മാതാപിതാക്കളും സഹോദരന്റെ കുടുംബവും ഒപ്പമുണ്ട്. ഒന്നര വയസ്സായ ഏയ്ഡൻ നടക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങിയതിന്റെ സന്തോഷമാണു വിഡിയോകളിൽ പങ്കുവയ്ക്കുന്നത്.

ശിശുക്ഷേമസമിതി വഴി ആന്ധ്രയിലെ ദമ്പതികൾക്കു ദത്ത് നൽകിയ കുഞ്ഞിനെ കഴിഞ്ഞ നവംബറിലാണു നിരന്തര സമരങ്ങളുടെയും സാമൂഹിക ഇടപെടലിന്റെയും ഫലമായി തിരിച്ചുകിട്ടിയത്. ഡിസംബറിൽ ഇരുവരും നിയമപരമായി വിവാഹിതരായി. കുഞ്ഞിനെ തിരിച്ചുകിട്ടിയശേഷം പ്രത്യക്ഷ സമരപരിപാടികൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ ശിശുക്ഷേമസമിതിക്കും അനുപമയുടെ ബന്ധുക്കൾക്കുമെതിരായ കേസുകൾ ഉപേക്ഷിച്ചിട്ടില്ലെന്ന് അജിത് പറഞ്ഞു. ദത്തുവിവാദത്തിൽ വനിതാ ശിശു വികസന ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്.

സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു നേതാവുമായിരുന്ന പേരൂർക്കട സദാശിവന്റെ കൊച്ചുമകളും സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി.എസ്.ജയചന്ദ്രന്റെ മകളുമാണ് അനുപമ. എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗമായിരുന്നു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തുമായുള്ള പ്രണയത്തെത്തുടർന്ന് 2020 ഒക്ടോബർ 19നാണു കുഞ്ഞുണ്ടാകുന്നത്. ആ സമയത്ത് മറ്റൊരു സ്ത്രീയുടെ ഭർത്താവായിരുന്ന അജിത്തുമായി ബന്ധം സ്ഥാപിക്കുന്നതിനെ എതിർത്ത വീട്ടുകാർ അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ ഉപേക്ഷിച്ചെന്നും സമിതി കുഞ്ഞിനെ ദത്തു നൽകിയെന്നുമായിരുന്നു കേസ്. പാർട്ടിയുമായി ഇപ്പോൾ ഇരുവർക്കും ബന്ധമില്ല. എന്നാൽ പാർട്ടിയിലെ സുഹൃത്തുക്കൾ മിക്കവരും സൗഹൃദം ഇപ്പോഴും തുടരുന്നു.