200 ദിവസം പിന്നിട്ടു; അവർ കാണാമറയത്തു തന്നെ; ആ തലയോട്ടി ആരുടേത്?; നിർണായകം

samual-murukesan
SHARE

മുതലമട : 200 ദിവസം പിന്നിട്ടു, ചപ്പക്കാട്ടെ 2 യുവാക്കൾ കാണാമറയത്തു തന്നെ. ഒരു സൂചനയുമില്ലാതെ വഴിമുട്ടി നിൽക്കുന്ന പൊലീസ് അന്വേഷണത്തിന്റെ ഗതി നിർണയിക്കുക ചപ്പക്കാട്ടു നിന്നു ലഭിച്ച തലയോട്ടിയുടെ ഡിഎൻഎ പരിശോധനാ ഫലം. ദലിത് വിഭാഗത്തിൽപെട്ട സ്റ്റീഫൻ എന്ന സാമുവൽ (28), ആദിവാസിയായ മുരുകേശൻ (26) എന്നിവരെ ഓഗസ്റ്റ് 30നു രാത്രിയാണു ചപ്പക്കാട്ടു നിന്നു കാണാതാകുന്നത്. 

പൊലീസ് ബഹുമുഖ അന്വേഷണം നടത്തിയിട്ടും യുവാക്കളുടെ തിരോധാനത്തെക്കുറിച്ചു ഒരു തുമ്പുമായിട്ടില്ല. ഇതിനിടെ ഇവരെ കാണാതായതിന് ഏറെ അകലെയല്ലാതെ ചപ്പക്കാട് ആലാംപാറയിൽ നിന്ന് ഫെബ്രുവരി 12നു മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയിരുന്നു. ഡിഎൻഎ വേർതിരിക്കാനുള്ള ശാസ്ത്രീയ പ്രവർത്തനങ്ങൾ പൊലീസ് സർജൻ പി.ബി.ഗുജ്റാളിന്റെ നേതൃത്വത്തിൽ നടത്തിയ ശേഷം കോടതി വഴി തൃശൂരിലെ റീജനൽ ലാബിലേക്ക് തലയോട്ടി കൈമാറിയിട്ടുണ്ട്. 

ഡിഎൻഎ പരിശോധനയ്ക്കായി സാമുവലിന്റെയും മുരുകേശന്റെയും കുടുംബാംഗങ്ങളുടെ രക്ത സാംപിളും ശേഖരിച്ചിരുന്നു. ഡിഎൻഎ പരിശോധന ഫലം വേഗത്തിലാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടി‌‌ട്ടുണ്ട്. 20നും 40നും ഇടയ്ക്കു പ്രായമുള്ളയാളിന്റേതാണു തലയോട്ടി എന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പുരുഷന്റെയോ, സ്ത്രീയുടെയോ എന്ന് ഉറപ്പിച്ചിട്ടില്ല. അന്വേഷണം വഴിതിരിച്ചുവിടാൻ ആരെങ്കിലും തലയോട്ടി അവിടെ കൊണ്ടിട്ടതാണോ എന്ന സംശയം പൊലീസിനുണ്ട്. അതിനാൽ ശ്മശാനം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.

കൂടാതെ ആ പ്രദേശത്തെ നീർച്ചാലുകളിലെ മണ്ണു നീക്കിയും കൊക്കർണിയിലെ വെള്ളം വറ്റിച്ചും പരിശോധനകൾ നടത്തിയിരുന്നെങ്കിലും തുമ്പുകിട്ടിയിട്ടില്ല. എൻഎസ്ജി ഭീകര വിരുദ്ധ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന, ഭൂമിക്കടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ ഘ്രാണ ശേഷിയുള്ള ബെൽജിയൻ മെലിനോയ്സ് വിഭാഗത്തിൽപെട്ട നായ്ക്കളെ എത്തിച്ച് രണ്ടു തവണ നടത്തിയ പരിശോധനകളിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ഡിഎൻഎ ഫലം ഏറെ നിർണായകമാണ്.

MORE IN KERALA
SHOW MORE