ഉമ്മിനി വിടാതെ അമ്മപുലിയും കുഞ്ഞും; ആശങ്കയായി കാൽപ്പാടുകൾ

tiger
SHARE

പുലിപ്പേടിയില്‍ വലയുന്ന പാലക്കാട് അകത്തേത്തറയിലെ കുടുംബങ്ങളുടെ ആശങ്ക കൂട്ടി കുഞ്ഞുപുലിയുടെയും കാല്‍പ്പാടുകള്‍ തെളിഞ്ഞു. രണ്ട് കുഞ്ഞുപുലികളെ കണ്ടെത്തിയ ഉമ്മിനിയിലെ ആളൊഴിഞ്ഞ വീടിന് മീറ്ററുകള്‍ മാത്രം മാറിയുള്ള വൃന്ദാവന്‍ നഗറിലെ പാറക്കുളത്തിന് സമീപമാണ് പുലിയുടെയും കുഞ്ഞിന്റെയും കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാന്‍ വനംവകുപ്പ് ആത്മാര്‍ഥമായി ഒന്നും ചെയ്തില്ലെന്നാണ് കുടുംബങ്ങളുടെ ആക്ഷേപം. 

ഉമ്മിനിയിലെ കൂട്ടില്‍ നിന്ന് ഒരു കുഞ്ഞിനെയുമെടുത്ത് അമ്മപ്പുലി കാടുകയറിയെന്നായിരുന്നു വനപാലകരുടെ ആദ്യ നിലപാട്. പുലി കാടുവിട്ടിട്ടില്ല നാട്ടില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന സൂചനകളാണ് പിന്നീടുണ്ടായത്. ജനവാസമേഖലയില്‍ നാലിടങ്ങളില്‍ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. നായ്ക്കളെ പിടികൂടിയത് പുലിയെന്ന് ഉറപ്പിച്ചു. പലരും പേടികാരണം പുറത്തിറങ്ങാത്ത അവസ്ഥയിലാണ് വൃന്ദാവന്‍ നഗറിലെ പാറക്കുളത്തിനോട് ചേര്‍ന്ന് പുലിയുെടയും കുഞ്ഞിന്റെയും കാല്‍പ്പാടുകള്‍ കണ്ടത്. വെള്ളം കുടിച്ച് മടങ്ങിയതാകാമെന്നാണ് നിഗമനം. അമ്മപ്പുലിയും കുഞ്ഞും ഉമ്മിനി വിട്ടിട്ടില്ലെന്ന് ചുരുക്കം. നിരീക്ഷണത്തിനായി വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. രണ്ടിടങ്ങളില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും നായ്ക്കളെ കൂട്ടില്‍ കരുതാതെ എങ്ങനെ പുലി വരുമെന്നതാണ് നാട്ടുകാരുടെ സംശയം. 

ജനവാസമേഖലയില്‍ കാടുമൂടിയ സ്ഥലങ്ങള്‍ പലരും സ്വന്തംനിലയില്‍ വൃത്തിയാക്കിത്തുടങ്ങി. പുലിയെത്താന്‍ സാധ്യതയുള്ള വഴികളിലൂടെ രാത്രിയില്‍ കാല്‍നട പരമാവധി കുറയ്ക്കാനാണ് വനംവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്ഥിതി ഇതാണെങ്കിലും ഉമ്മിനിയിലെ പുലി നാടുവിട്ടിട്ടില്ലെന്ന് സമ്മതിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറല്ല. 

MORE IN KERALA
SHOW MORE