കടലാമയെ ലേലം ചെയ്തു, കൊല്ലാൻ തെങ്ങിൽ കെട്ടിയിട്ടു; രക്ഷകരായി പൊലീസ്

turtle
SHARE

ഇറച്ചിക്കു വേണ്ടി കൊല്ലാൻ തെങ്ങിൽ കെട്ടിയിട്ടിരുന്ന കടലാമയ്ക്ക് പൂവാർ കോസ്റ്റൽ പൊലീസ് രക്ഷകരായി. വന്യജീവി സംരക്ഷണ പട്ടികയിൽ ഉൾപ്പെട്ട കടലാമയെ, മത്സ്യബന്ധനത്തിനിടെ പൂവാർ വരവിളത്തോപ്പ് സ്വദേശിക്കാണു ലഭിച്ചത്. ഇയാൾ മത്സ്യം ലേലം ചെയ്യുന്നതിനൊപ്പം കടലാമയെയും ലേലം ചെയ്തു വിറ്റു. ഇറച്ചിക്കു വേണ്ടി കൊല്ലാൻ തെങ്ങിൽ കെട്ടിയിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലരാണു പൂവാർ പൊലീസിൽ വിവരം അറിയിച്ചത്.

പൂവാർ പൊലീസ് വിവരം പൂവാർ കോസ്റ്റൽ പൊലീസിനു കൈമാറി. അവരെത്തിയാണ് ആമയെ മോചിപ്പിച്ചതും കടലിലേക്കു മടക്കിയയച്ചതും. കോസ്റ്റൽ പൊലീസെത്തിയപ്പോൾ കടലാമയെ തെങ്ങിൽ ബന്ധിച്ച നിലയിലായിരുന്നു. മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലേലത്തിൽ വാങ്ങിയതാണെന്നും അനുസരിക്കാനാവില്ലെന്നും വാങ്ങിയവർ നിലപാടെടുത്തു. കേസെടുക്കേണ്ടി വരുമെന്നു ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് മോചിപ്പിക്കാൻ തയാറായത്. പിന്നീട് പൊലീസ് തന്നെ കെട്ടഴിച്ച് കടലിലേക്ക് മടക്കി വിട്ടു.

കോസ്റ്റൽ പൊലീസുകാരായ ശക്തികുമാർ, ബൈജു, ആന്റണി, കോസ്റ്റൽ വാർഡന്മാരായ ഷെറിൻ, ജോൺ ടൈറ്റസ് എന്നിവരാണ് കടലാമയെ രക്ഷപ്പെടുത്തിയത്. പൂവാറിലും പരിസര പ്രദേശങ്ങളിലും വലയിൽ കുടുങ്ങുന്ന കടലാമകളെ കരയിലെത്തിക്കുന്നതായും അവയുടെ ഇറച്ചി വിൽക്കുന്നതായും കോസ്റ്റൽ പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ കടലാമ വലയിൽ അകപ്പെട്ടാൽ അവയെ തിരികെ കടലിൽ വിടണമെന്നു പൊലീസ് മത്സ്യത്തൊഴിലാളികളെ അറിയിച്ചു.

MORE IN KERALA
SHOW MORE