അലക്സാണ്ടറുടെ വേർപാടിൽ തേങ്ങി ജൻമനാട്; അഭേദ്യമായ ബന്ധമെന്ന് നാട്ടുകാർ

alexanderwb
SHARE

ബെംഗളൂരുവിൽ അന്തരിച്ച കർണാടക മുൻ മന്ത്രിയും ചീഫ് സെക്രട്ടറിയും വൈഎംസിഎ ദേശീയ പ്രസിഡന്റുമായിരുന്ന ജെ അലക്സാണ്ടറുടെ വേർപാട് ജന്മനാടായ കൊല്ലത്തിനും ദുഖമായി. ദീർഘകാലം കർണാടകയിൽ ആയിരുന്നുവെങ്കിലുംമനസ്സുകൊണ്ട് എന്നും കൊല്ലത്തുകാരനായിരുന്നു അലക്സാണ്ടർ. ഇന്നലെയാണ് ജെ.അലക്സാണ്ടര്‍ അന്തരിച്ചത്.കൊല്ലം മങ്ങാട് കണ്ടച്ചിറയാണ് ജെ. അലക്സാണ്ടറുടെ ജന്മനാട്.

കണ്ടച്ചിറയോട് അഭേദ്യമായ ബന്ധമായിരുന്നു. കഴിഞ്ഞ നവംബർ പന്ത്രണ്ടിനാണ് അവസാനമായി അലക്സാണ്ടർ കൊല്ലത്തു വന്നത്. ഭാര്യയുടെ മരണശേഷം കണ്ടച്ചിറ സെന്റ് തോമസ് പള്ളിയിൽ വച്ച് പ്രാർഥനകൾ നടത്തുന്നതിനായി ബംഗളൂരുവിൽ നിന്ന്  നാൽപതോളം ബന്ധുക്കളുമായി എത്തിയിരുന്നു. അന്ന് പ്രാർഥനയിൽ ബിഷപ് സ്റ്റാൻലി റോമനും ബിഷപ് പോൾ മുല്ലശേരിയുമെല്ലാം പങ്കെടുത്തിരുന്നു..മാതാപിതാക്കളുടെയും മറ്റ് ഉറ്റവരുമെല്ലാം അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയിൽ ഇടയ്ക്കൊക്കെ പ്രാർഥനയ്ക്ക് എത്തണമെന്നത് അലക്സാണ്ടറിന് നിർബന്ധമായിരുന്നു. മങ്ങാട് പുതുവൽത്തറയിൽ പരേതരായ ജോൺ ജോസഫിന്റെയും എലിസബത്തിന്റെയും ഏഴു മക്കളിൽ മൂന്നാമനായി 1938 ലാണ് ജനിച്ചത്. 

കരിക്കോട് ശിവറാം ഹൈസ്‌കൂളിലെ പഠനത്തിനുശേഷം കൊല്ലം സെന്റ് റാഫേൽ സെമിനാരിയിൽ ചേർന്നു. പിന്നീട് സെമിനാരി വിട്ട് സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലും എസ്എൻ കോളജിലുമായി പഠനം പൂർത്തിയാക്കി. ഒന്നാം റാങ്കോടെ ഇംഗ്ലിഷ് ബിഎ പാസായി. ഇംഗ്ലിഷിൽ എംഎയും നേടി.ഫാത്തിമ മാതാ നാഷനൽ കോളജിൽ ഇംഗ്ലിഷ് അധ്യാപകനായായി തുടക്കം. പിന്നീട് ഐഎഎസ് നേടി കർണാടകയിലേക്കു പോവുകയായിരുന്നു. ദീർഘകാല കർണാടക ജീവിതത്തിനിടയിൽ ബന്ധുക്കളെയും അടുപ്പമുള്ളവരെയെല്ലാം ബെംഗളൂരുവിൽ എത്തിച്ചിരുന്നു. മലയാളികളുടെ ആവശ്യത്തിനെല്ലാം അലക്സാണ്ടർ ഉണ്ടായിരുന്നു. അലക്സാണ്ടറുടെ ഇളയസോഹദരൻ തോമസ് കണ്ടച്ചിറയിൽ താമസിക്കുന്നുണ്ട്.

MORE IN KERALA
SHOW MORE