‘അതേ അയാൾക്ക് തന്നെയാണ് ഈ വകുപ്പും’: ബൽറാം: എല്ലാവർക്കും നീതിയില്ലെന്ന് സ്വരാജ്

balram-swaraj-bishop
SHARE

പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി പുറത്തുവന്നതോടെ പ്രതികരണങ്ങളുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.  വിധിയിൽ കടുത്ത നിരാശ പങ്കുവച്ചാണ് പലരുടെയും വിമർശനം. ഇക്കൂട്ടത്തിൽ സർക്കാരിനെ ഉന്നമിട്ടാണ് മുൻഎംഎൽഎ വി.ടി ബൽറാം പ്രതിഷേധ കുറിപ്പ് പങ്കിട്ടത്. 

‘വാളയാർ കേസ്, പാലത്തായി കേസ് ഇപ്പോഴിതാ ഫ്രാങ്കോ കേസ്. ഒന്നിനും തെളിവില്ല. അഥവാ, തെളിവ് ഹാജരാക്കാൻ കഴിയുന്നില്ല. അഥവാ, പ്രതികൾക്കനുകൂലമായ തെളിവുകൾ മാത്രമേ ഹാജരാക്കപ്പെടുന്നുള്ളൂ. Home, Administration of Civil and Criminal Justice എന്നീ വകുപ്പുകളൊക്കെ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് വീണ്ടും നോക്കി. മാറ്റമില്ല, വിചാരണ നേരിടാതെ ലാവലിൻ കേസിൽ നിന്ന് രക്ഷപ്പെട്ട അതേ ആൾ തന്നെയാണ് ഇപ്പോഴും ചുമതലക്കാരൻ.’ ബൽറാം കുറിച്ചു. പിന്നാലെ മുൻ എംഎൽഎ എം. സ്വരാജും വിഷയത്തിൽ പ്രതികരിച്ചു. ‘നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് !! അതിനർത്ഥം ഈ വ്യവസ്ഥിതിയിൽ എല്ലാവർക്കും നീതി ലഭിയ്ക്കുമെന്നല്ല..’ അദ്ദേഹം കുറിച്ചു.

കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.

സാക്ഷിമൊഴികൾ എല്ലാം ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായതാണ് കോടതിവിധിയിൽ നിർണായകമായതെന്ന് പ്രതിഭാഗം അഭിഭാഷകൻ സി.എസ്.അജയന്‍. 39 സാക്ഷികളെയാണ് വിസ്തരിച്ചത്. വിചാരണക്കിടെ ഒരു സാക്ഷി പോലും കൂറുമാറിയില്ല. ഇവർ പൊലീസിനു നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും ഒന്നുതന്നെയാണ്. പീഡനവിവരങ്ങൾ പങ്കുവച്ചെന്നു പരാതിക്കാരി അവകാശപ്പെട്ടവരെല്ലാം കോടതിയിൽ ഇതു നിഷേധിച്ചു.

ഒരു ചാനൽ അഭിമുഖം ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമായ നിർണായക തെളിവായതായും അഭിഭാഷകൻ പറഞ്ഞു. ‌‌ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് അഡ്വ. കെ. രാമൻപിള്ളയും പറഞ്ഞു. ബിഷപ്പിനെതിരെ ഒരു തെളിവുപോലും സമർപ്പിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

MORE IN KERALA
SHOW MORE