നവംബറിലിട്ട മുട്ട; ഹാച്ചറിയിൽ വിരിഞ്ഞ ആമക്കുഞ്ഞുങ്ങളെ കടലിൽ ഇറക്കിവിട്ടു

കോഴിക്കോട് ഇരിങ്ങല്‍ കൊളാവിയിലെ ഹാച്ചറിയില്‍ വിരിഞ്ഞ ആമക്കുഞ്ഞുങ്ങളെ കടലില്‍ ഇറക്കിവിട്ടു.  കോളാവിയിലെ തീരം പ്രവര്‍ത്തകരാണ് ആമ മുട്ടകള്‍ സംരക്ഷിച്ച് വിരിയിച്ചത്. നവംബറിലാണ് സാന്റ് ബാങ്ക്സ് തീരത്ത് കടലാമ മുട്ടയിട്ടത്. 

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊളാവി തീരത്ത് ആമമുട്ടകള്‍ വിരിയുന്നത്. ഒലീവ് റെഡ് ലി വിഭാഗത്തില്‍ പെട്ടവയാണ് സാധാരണ കൊളാവിയില്‍ മുട്ടയിടാന്‍ വരുന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഇവ മുട്ടയിടാനുള്ള സുരക്ഷിത സ്ഥലം കണ്ടെത്തുക. എന്നാല്‍ 2020 ല്‍ ഇവ എത്തിയില്ല. കഴിഞ്ഞവര്‍ഷം നവംബറില്‍ എത്തിയെങ്കിലും സാന്റ് ബാങ്ക്സ് തീരത്താണ് മുട്ടിയിട്ടത്. കോളാവിയിലെ തീരം എന്ന പേരിലുള്ള പ്രകൃതി സംരക്ഷണ സേന മുട്ടകള്‍ ശേഖരിച്ച് ഹാച്ചറിയില്‍ വച്ച് വിരിയിരിക്കുകയായിരുന്നു. 

ബുധനാഴ്ച രാത്രിയാണ് കുഞ്ഞുങ്ങളെ കടലിലേക്കിറക്കി വിട്ടത്. 126 മുട്ടയാണ് വിരിയിക്കാന്‍ വച്ചത്. ഇതില്‍ നാല്‍പത്തിയെട്ട്  മുട്ടകള്‍ വിരിഞ്ഞു. ശേഷിക്കുന്നവയേയും വിരിയുന്ന മുറയ്ക്ക് കടലിലേക്ക് ഇറക്കിവിടും.