രോഗിയെ റഫർ ചെയ്യുന്നത് ഒഴിവാക്കും; വനിത കർമസമിതി വരും; അട്ടപ്പാടിയിൽ മന്ത്രി

attappadi
SHARE

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷൽറ്റി ആശുപതിയിൽ നിന്ന് രോഗിയെ റഫർ ചെയ്യുന്നത് ഒഴിവാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പാലക്കാട് മെഡിക്കൽ കോളജിലെ ചികിൽസാ സൗകര്യം കോട്ടത്തറയ്ക്കായി വിനിയോഗിക്കുന്ന കാര്യം പരിശോധിക്കും. ജീവൻ രക്ഷാ ആംബുലൻസ് അനുവദിക്കുന്നതിനൊപ്പം ഊരുകളിലെ സൗകര്യം നിരീക്ഷിക്കാൻ പ്രത്യേക വനിത കർമ സമിതിക്ക് രൂപം നൽകുമെന്നും ആരോഗ്യ മന്ത്രി അഗളിയിൽ പറഞ്ഞു.

ഉദ്യോഗസ്ഥർ വിശദീകരിക്കുന്നതിനപ്പുറം അട്ടപ്പാടിയിലെ സ്ഥിതി നേരിട്ടറിയാൻ തിരുവനന്തപുരത്ത് അവലോകനം വിളിച്ച ദിവസം ആരെയും അറിയിക്കാതെ മന്ത്രി ചുരം കയറി. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രാവിലെ എട്ടരയോടെ എത്തിയ മന്ത്രിയോട് കാര്യങ്ങൾ വിശദീകരിക്കാൻ ജീവനക്കാർ പാടുപെട്ടു. ശിശുമരണമുണ്ടായ ഊരുകൾ, പോഷകാഹാര വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങിലും മന്ത്രിയെത്തി. ഊരുകളിലെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച ശേഷമാണ് കോട്ടത്തറ ആശുപത്രിയിലെ സൗകര്യങ്ങൾ വിലയിരുത്തിയത്. ജീവനക്കാരുമായി നടന്ന ചർച്ചയിൽ ആശുപത്രിയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന വിവാദങ്ങളും ക്രമക്കേടുകളും ഓരോന്നായി മന്ത്രി വിശദീകരിച്ചു.

ജീവൻ രക്ഷാ ആംബുലൻസുകൾ അനുവദിക്കുന്നത് വേഗത്തിലാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ആദിവാസികൾക്ക് ഏറെ ആശ്വാസമാകും. ഡോക്ടർമാരുൾപ്പെടെ ജീവനക്കാരുടെ ക്ഷാമം, അവശ്യ മരുന്നുകൾ മുടക്കമില്ലാതെ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണനയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകകളുടെ ഏകോപനത്തോടെ അട്ടപ്പാടിയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.  കണ്ടെത്തലുകൾ ഉൾപ്പെടുത്തി വിശദ റിപ്പോർട്ട് ആരോഗ്യ മന്ത്രി മുഖ്യമന്ത്രിക്ക് അടുത്തദിവസം  സമർപ്പിക്കും. 

MORE IN KERALA
SHOW MORE