മുഖ്യമന്ത്രിയുടെ മൗനം ആപത്ത്; സ്ത്രീകള്‍ തെരുവിലിറങ്ങും; ഞാന്‍ മുന്നിലുണ്ടാകും: രമ

kk-rema
SHARE

അഭയമാകേണ്ട ഇടത്തെ നീതിനിഷേധങ്ങള്‍. കേരളം കുറച്ചു നാളുകളായി കേള്‍ക്കുന്നത് അത്തരം വാര്‍ത്തകളാണ്. ഭരണസംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് മുഖംതിരിക്കുമ്പോള്‍, കടുത്ത സൈബര്‍ ആക്രമണങ്ങള്‍കൊണ്ട് അവശരാക്കാന്‍ നോക്കുമ്പോള്‍ തളരാതെ മുന്നോട്ട് പോകാനുള്ള കരുത്ത് നല്‍കി തെരുവിലുണ്ട് വടകര എംഎല്‍എ കെ.കെ.രമ. പോരാട്ടവീഥിയില്‍ അനുപമയ്ക്കൊപ്പം കരുത്തായി നിന്നു. ഇന്ന് മോഫിയക്ക് വേണ്ടിയും രംഗത്ത്. മുഖ്യമന്ത്രിയുടെ ഗുരുതരമായ മൗനം കേരളത്തിന് ആപത്താണെന്നാണ് രമയുടെ വിമര്‍ശനം. കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന നീതിനിഷേധങ്ങളെക്കുറിച്ച് രമ സംസാരിക്കുന്നു. 

മോഫിയ നീതികേടിന്റെ അവസാന ഇര

നവോത്ഥാന കേരളത്തിന് വേണ്ടി നേതൃത്വം നല്‍കിയ ആളുകളാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പക്ഷേ എന്ത് നവോത്ഥാനമാണ് ഇവിടെ നടക്കുന്നത്? സ്ത്രീകള്‍ പരാതിയുമായി പൊലീസ് സ്റ്റഷനില്‍ പോയാല്‍ നീതി ലഭിക്കാത്ത സാഹചര്യം. ഈ നീതികേടിന്റെ ഏറ്റവും അവസാനത്തെ രക്തസാക്ഷിയാണ് ആലുവയിലെ മോഫിയ പര്‍വീണ്‍ എന്ന പെണ്‍കുട്ടി‌‍. സ്ത്രീകള്‍ക്ക് പരായിയുമായി ഒരു സ്ഥലത്തും പോകാന്‍ സാധിക്കുന്നില്ല എന്ന അവസ്ഥ. എനിക്ക് തന്നെ ഇപ്പോള്‍ നിരവധി ഫോണ്‍കോളുകളാണ് വരുന്നത്. നീതിനിഷേധത്തിന്റെ പലകഥകള്‍ പറഞ്ഞ്. കൊലപാതകം ഉള്‍പ്പെടെ നടന്നിട്ട് പോലും അതില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.

സൈബര്‍ അധിക്ഷേപങ്ങളില്‍ തളരില്ല

ഇവിടെ ഒരു ഭരണകൂട സംവിധാനങ്ങളും സ്ത്രീക്ക് അനുകൂലമല്ല. പരാതിയുമായി പോയാല്‍ തിരിഞ്ഞ് നോക്കാത്ത സാഹചര്യം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സാമൂഹിക മാധ്യമ അധിക്ഷേപത്തിന് നേതൃത്വം നല്‍കുന്നത് ഇവിടുത്തെ ഇടതുപക്ഷത്തിന്റെ ആളുകള്‍. സദാചാരത്തിന്റെ പേര് പറഞ്ഞാണ് ആക്രമണം. സമരരംഗത്തിരിക്കുന്ന സ്ത്രീകളെ എത്രമാത്രമാണ് അധിക്ഷേപിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വം വിചാരിച്ചാല്‍ ഒരു നിമിഷംകൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുന്ന വിഷയങ്ങളാണിതെല്ലാം. പക്ഷേ ഭരണത്തിന്റെ തണലില്‍, ഇവര്‍ ഈ വിഷയങ്ങളെ വഴിതെറ്റിക്കുകയാണ്. 

യഥാര്‍ഥ വിഷയം ചര്‍ച്ച ചെയ്യാതെ അതിനെ വളരെ മോശമായി വഴിതിരിച്ച് വിടുകയാണ്. അതിന് പിന്നില്‍ സിപിഎം പ്രൊഫൈലുകള്‍ തന്നെയാണ്. കൂട്ടിന് ഭരണസംവിധാനങ്ങളും. ഇതവസാനിപ്പിക്കണം. മുഖമില്ലാത്ത ആളുകളാണ് ഇത്തരം പ്രചരണം നടത്തുന്നത്. അങ്ങനെ സ്ത്രീകളെ തളര്‍ത്താമെന്ന വ്യാമോഹം അവര്‍ക്ക് വേണ്ട. കാരണം ഏത് ആരോപണങ്ങളെയും നേരിടാന്‍ മനക്കരുത്തുള്ള പെണ്ണുങ്ങളാണ് ഇവിടെ ഉള്ളത്. അതുകൊണ്ട് ഈ മുഖമില്ലാത്തവര്‍ തോറ്റ് പോകുകയേ ഉള്ളൂ.

മുഖ്യമന്ത്രിയുടെ മൗനം ഗുരുതരം, ആപത്ത്

ഇവിടെ ഏറ്റവും ഗുരുതരമായി കാണേണ്ടത് മുഖ്യമന്ത്രിയുടെ കുറ്റകരമായ മൗനം തന്നെയാണ്. ഒരു വിഷയത്തിലും വാ തുറക്കുന്നില്ല. അദ്ദേഹം എന്താ പ്രതികരിക്കാത്തത്? ഇദ്ദേഹം എന്താണ് മഹാരാജാവോ?  40 ദിവസത്തെ ഒരു പെണ്‍കുട്ടിയുടെ സമരത്തെക്കുറിച്ച് ഒരു വാക്കെങ്കിലും മിണ്ടിയോ? തെറ്റുകാരാണെന്ന് കണ്ടെത്തിയിട്ടും ശിശുക്ഷേമ സമിതിയുടെയും സിഡബ്ല്യൂസിയുടെയും ഒക്കെ ചെയര്‍മാനായ മുഖ്യമന്ത്രി ഇതുവരെ സംസാരിച്ചിട്ടില്ല. നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചിട്ടും മറുപടി പറഞ്ഞില്ല. ഈ മൗനം കേരളത്തിന് ആപത്താണ്. 

തെരുവിലിറങ്ങും, ഞാന്‍ നേതൃത്വം നല്‍കും

ഇങ്ങനെ പോയാല്‍ ഇവിടെ സത്രീകള്‍ തെരുവിലേക്ക് ഇറങ്ങും. സര്‍ക്കാര്‍ ഈ തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അത് ഉടന്‍ തന്നെ ഉണ്ടാകും. അതിന് ഞാന്‍ നേതൃത്വം നല്‍കാന്‍ തയ്യാറാണ്. ഇവിടുത്തെ പ്രതിപക്ഷം കുറച്ചുകൂടി ശക്തമായി വരണം. മോഫിയയുടെ വിഷയത്തിലെ പ്രതിപക്ഷ ഇടപെടല്‍ വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. എംഎല്‍മാര്‍ ഉള്‍പ്പെടെ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം തുടരുന്നു. ഇത്തരത്തില്‍ വളരെ ശക്തമായി പ്രതിപക്ഷം ഉയര്‍ന്നുവരണമെന്നാണ് പറയാനുള്ളത്– രമ പറഞ്ഞുനിര്‍ത്തി.

MORE IN KERALA
SHOW MORE