നർകോട്ടിക്ക് ജിഹാദിൽ അടങ്ങാതെ വിവാദം; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷവും സമസ്തയും

പാലാ ബിഷപ്പിന്റെ നർകോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ വിവാദം കെട്ടടങ്ങുന്നില്ല. മന്ത്രി വി.എന്‍ വാസവന്‍ ബിഷപിനെ സന്ദര്‍ശിച്ചതിനെ മുസ്ലീം സംഘടനയായ സമസ്ത രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം  ബിഷപ്പിന്റ പരാമര്‍ശം സി.പി.എം ശരിവച്ചെന്നായിരുന്നു ദീപിക ദിനപത്രത്തിലെ ലേഖനം. സി.പി.എം  വിദ്വേഷ പ്രചാരണം തടയാന്‍ ശ്രമിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍  കുറ്റപ്പെടുത്തി.

വേട്ടക്കാര്‍ക്ക് ഹല്ലേലുയ്യ പാടുന്നവരെന്ന ലേഖനത്തിലാണ് സമസ്തയുടെ വിമര്‍ശനം. ബിഷപ് വിളിച്ചുപറഞ്ഞിട്ടും അധികാരപ്പെട്ടവര്‍‌ കണ്ടില്ലെന്ന് നടിച്ചു. മന്ത്രി  അക്രമിയെ നേരില്‍ച്ചെന്ന് കണ്ട് ഹല്ലേലുയ്യ പാടുന്നു. ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു. പാലായിലെ വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ മന്ത്രി വി.എന്‍ വാസവന്റ നടപടി അപമാനമാണ്. ഇത് സര്‍ക്കാരിന്റേയും എല്‍.ഡി.എഫിന്റേയും ഒൗദ്യോഗിക നിലപാടാണോയെന്ന് വ്യക്തമാക്കണമെന്നും അധികാരികള്‍ മധ്യസ്ഥതയുടെ മേലങ്കിയണിഞ്ഞ് അനീതിക്കാരെ സുഖിപ്പിക്കുന്നതും പൊട്ടന്‍ കളിക്കുന്നതും എല്ലാവരും കാണുന്നുണ്ടെന്നും ലേഖനത്തിലുണ്ട്. വിഭാഗീതയാണ് സി.പി.എം ലക്ഷ്യമെന്നും ബിഷപിനെ കണ്ടശേഷം വി.എന്‍ വാസവന്‍  നടത്തിയ പരാമര്‍ശം ശരിയായില്ലെന്നും എം.കെ മുനീര്‍. എന്നാല്‍ ആക്ഷേപങ്ങളോട് വി.എന്‍ വാസവന്‍ പ്രതികരിച്ചില്ല. 

 അതേസമയം ബിഷപ്പ് പറഞ്ഞ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം സി.പി.എം ശരിവച്ചെന്ന്  ദീപിക പത്രത്തിലെ ലേഖനംപറയുന്നു. യാഥാര്‍ഥ്യം വ്യക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം. ബിഷപ്പിനെ മറയാക്കി ബി.ജെ.പി മുതലെടുപ്പിന് ശ്രമിക്കുന്നു. വി.ഡി സതീശനാകട്ടെ ക്ലീന്‍ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണന്നും  ലേഖനം കുറ്റപ്പെടുത്തുന്നു. ഇതിന് മറുപടി പറയാതെ ഒഴിഞ്ഞുമാറിയ  വി.ഡി സതീശന്‍ സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു. പാലാ ബിഷപ് പറഞ്ഞത് ശരിയെന്ന് സമ്മതിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നായിരുന്നു കേന്ദ്രസഹമന്ത്രി വി.മുരളീധരന്റ പ്രതികരണം.