ട്രെയിനിലെ കവർച്ച; മൊഴിയിൽ പൊരുത്തക്കേട്: ഭക്ഷണം കഴിച്ചയുടൻ മയങ്ങിയില്ല

train
SHARE

നിസാമുദീന്‍ എക്സ്പ്രസിലെ കവര്‍ച്ചയില്‍ പരാതിക്കാരികളിലൊരാളായ തമിഴ്നാട് സ്വദേശിനി കൗസല്യയുടെ ആദ്യ മൊഴി കള്ളം. കോയമ്പത്തൂരിലെത്തി ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയില്ലന്നും കളമശേരി വരെ ഉണര്‍ന്നിരുന്നെന്നുമാണ് പുതിയ മൊഴി. ഇവരുടെ മൊഴിയിലെ പൊരുത്തക്കേട് കേന്ദ്രീകരിച്ചും റയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.

ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ നിസാമുദീന്‍ എക്സ്പ്രസിലെ യാത്രക്കാരായ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ ലഹരിമരുന്ന് നല്‍കി മയക്കിയ ശേഷം സ്വര്‍ണം കവര്‍ന്നെന്നായിരുന്നു ആദ്യ കേസ്. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന തിരുവല്ല സ്വദേശികളും കോയമ്പത്തൂരുകാരി കൗസല്യയുമായിരുന്നു പരാതി നല്‍കിയത്. ഇതില്‍ തിരുവല്ല സ്വദേശികളുടെ മൊഴി ശരിയാണങ്കിലും കൗസല്യയുടെ ആദ്യ മൊഴിയാണ് തെറ്റെന്ന് കണ്ടെത്തിയത്. കോയമ്പത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മയങ്ങിപ്പോയെന്നും തിരുവനന്തപുരത്തെത്തി ഉണര്‍ന്നതോടെ പതിനാലായിരം രൂപ വരുന്ന മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നുമായിരുന്നു കൗസല്യയുടെ പരാതി. എന്നാല്‍ കൗസല്യയുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചതോടെ കളമശേരി എത്തുന്നത് വരെ ഇവര്‍ ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മൊഴിയെടുത്തതോടെയാണ് ആദ്യം പറഞ്ഞത് കള്ളമായിരുന്നൂവെന്ന് സമ്മതിച്ചത്.

കുടുംബപ്രശ്നങ്ങള്‍ മൂലമാണ് കോയമ്പത്തൂരില്‍ നിന്ന് ആലുവയിലേക്കുള്ള മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. അതിന്റെ ടെന്‍ഷനിലാണ് ആദ്യം കള്ളം പറഞ്ഞതെന്നാണ് വിശദീകരണം. മൊഴി കള്ളമെങ്കിലും കൗസല്യയെ സംശയിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതോടൊപ്പം തിരുവല്ല സ്വദേശികളുടെ സ്വര്‍ണം കവര്‍ന്നതും കൗസല്യയുടെ മൊബൈല്‍ മോഷ്ടിച്ചതും ഒരാളല്ലന്നും കരുതുന്നു. അതിനാല്‍ സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കരുതുന്ന അക്സര്‍ ബാഗ്ഷായേ കേന്ദ്രീകരിച്ചാണ് അന്വേഷണം. പക്ഷെ കാര്യമായ പുരോഗതിയൊന്നുമില്ല.

MORE IN KERALA
SHOW MORE
Loading...
Loading...