നൗഷാദിന് യാത്രാമൊഴി: സർക്കാരിന്റെ ആദരം; ഏക മകള്‍ തനിച്ച്

noushad
SHARE

പാചകവിദഗ്ധനും സിനിമാ നിര്‍മാതാവുമായ കെ.നൗഷാദിന് വിടനല്‍കി തിരുവല്ല. ആദ്യ സിനിമയുടെ റിലീസിന്‍റെ പതിനേഴാം വാര്‍ഷിക ദിനത്തിലായിരുന്നു നൗഷാദിന്‍റെ വിയോഗം. സ്വാദിന്റെ വലിയ ലോകത്തുനിന്ന് കലയുടെ വെള്ളിവെളിച്ചത്തിലെത്തിയപ്പോഴും സൗഹൃദങ്ങള്‍ നൗഷാദിന്‍റെ കരുത്തായിരുന്നു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു നൗഷാദിന്‍റെ അന്ത്യം. ഉച്ചയ്ക്ക് ഒന്നരയോടെ ഭൗതിക ശരീരം തിരുവല്ലയിലെ വീട്ടിലെത്തിച്ചു. മകളടക്കമുള്ള ബന്ധുക്കള്‍ അന്തിമോപചാരംഅര്‍പ്പിച്ചു. തുടര്‍ന്ന് നൗഷാദ് പഠിച്ച തിരുവല്ല എസ്.സി.എസ്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം. സര്‍ക്കാരിന്‍റെ ആദരവും ഏറ്റുവാങ്ങി. തിരുവല്ല മുത്തൂര്‍ ജുമാമസ്ജിദില് ഭൗതികശരീരം കബറടക്കി.    

മൂന്നു പതിറ്റാണ്ട് മുമ്പ് പിതാവിന്‍റെ വഴിയില്‍ കേറ്ററിങ് രംഗത്തേക്ക് കടന്ന നൗഷാദ്  കേരളമറിയുന്ന ബിഗ് ഷെഫ് ആയി വളരുകയായിരുന്നു. ടെലിവിഷന്‍ പരിപാടികളിലൂടെ സെലിബ്രിറ്റി ഷെഫായി. മധ്യതിരുവിതാംകൂറില്‍ ബിരിയാണിയെ ജനകീയമാക്കുന്നതില്‍ നൗഷാദിന്‍റെ പങ്ക് വലുതാണ്. സഹപാഠിയായ ബ്ലെസിയുടെ ആദ്യചിത്രം കാഴ്ച നിര്‍മിച്ചായിരുന്നു നിര്‍മാതാവിന്‍റെ റോളിലേക്കുള്ള നൗഷാദിന്‍റെ വരവ്. 17 വര്‍ഷം മുമ്പ് 2004 ആഗസ്റ്റ്  27നായിരുന്നു മമ്മൂട്ടി നായകനായ കാഴ്ച റിലീസായത്.ബെസ്റ്റ് ആക്ടര്‍, ചട്ടമ്പിനാട്, തകരച്ചെണ്ട തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ച നൗഷാദ് ദിലീപ് നായകനായ സ്പാനിഷ് മസാല തിയറ്ററില്‍ തകര്‍ന്നതോടെയാണ് സാമ്പത്തിക പ്രതിസന്ധിയിലായത്.

അമിതഭാരം കാരണമുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടെ മുട്ടിന് ശസ്ത്രക്രിയ നടത്തിയതോടെയാണ് ആരോഗ്യനില വഷളായി. ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. പ്രമേഹവും അണുബാധയും അധികരിച്ചതോടെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. ഈമാസം പന്ത്രണ്ടിന് ഭാര്യ ഷീബ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഒടുവില്‍ പന്ത്രണ്ടുകാരി മകള്‍ നഷ്‍വയെ തനിച്ചാക്കി നൗഷാദും വിടവാങ്ങി.  

MORE IN KERALA
SHOW MORE
Loading...
Loading...