അരിമേടിക്കാന്‍ വാക്സീന്‍ എടുക്കണോ? തലവേദനയാകുമോയെന്ന് ജനം

vaccine-N
SHARE

 കടയില്‍ പോകാന്‍ വാക്സീന്‍ എടുക്കണമെന്ന നിബന്ധനയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത് . കൂടുതലും പുറത്തിറങ്ങുന്ന 18 നും 44 നും ഇടയില്‍ പ്രായമുളള വിഭാഗത്തില്‍ വെറും ഇരുപത്തെട്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ഒന്നാം ഡോസ് വാക്സീനെങ്കിലും ലഭിച്ചിട്ടുളളത്. അതേസമയം രോഗവ്യാപനം ഉയര്‍ന്നു നില്ക്കുമ്പോള്‍ ഇളവുകള്‍ക്ക് നിയമപരിരക്ഷ കിട്ടാന്‍ കൂടിയാണ് സര്‍ക്കാര്‍ നിബന്ധനകള്‍ കടുപ്പിച്ചിറക്കിയത്.  

അരിമേടിക്കാന്‍ പോകാന്‍ വാക്സീന്‍ എടുക്കണമോ എന്നാണ് ജനം സര്‍ക്കാരിനു മുമ്പില്‍ ഉയര്‍ത്തുന്ന വലിയ ചോദ്യം. നിലവിലെ നിബന്ധനയനുസരിച്ച് ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവരോ 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗററീവ് സര്‍ട്ടിഫിക്കറ്റുളളവരോ ഒരു മാസം മുന്‍പ് കോവിഡ് പോസിററീവ് ആയ സര്‍ട്ടിഫിക്കറ്റുളളവര്‍ക്കോ മാത്രമേ കടയില്‍ പോകാനാകൂ.

ബാങ്കുകള്‍ , മാര്‍ക്കററുകള്‍, ഓഫിസുകള്‍ , ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കണമെങ്കിലും നിബന്ധനകള്‍ ബാധകം. എന്നാല്‍ സംസ്ഥാനത്ത് 56 % പേര്‍ക്കു മാത്രമാണ് ഒന്നാം ഡോസ് വാക്സീനെങ്കിലും ലഭിച്ചിട്ടുളളത്. ഇതില്‍ തന്നെ ബഹുഭൂരിഭാഗവും 45 നു മുകളില്‍ പ്രായമുളളവരാണ്. അതായത് ഒന്നരക്കോടിയോളം പേര്‍ക്ക് ഒന്നാം ഡോസ് നല്കിയതില്‍ തൊണ്ണൂററിനാലു ലക്ഷവും 45 നുമുകളില്‍ പ്രായമുളളവര്‍.  സജീവമായി സമൂഹത്തില്‍ ഇടപെടുന്ന 18 നും 44 നുമിടയില്‍ പ്രായമുളള വിഭാഗത്തില്‍ ഒന്നാം ഡോസെങ്കിലും ലഭിച്ചിരിക്കുന്നത്  42 ലക്ഷം പേര്‍ക്കാണ്. 28 % മാത്രം. 

സര്‍ക്കാരിനു വരുമാനം കിട്ടുന്ന ബവ്റേജസിലും രാഷ്ട്രീയപാര്‍ട്ടികളുടെ യോഗങ്ങളിലും ഈ നിബന്ധന കൊണ്ടുവരുമോ എന്നും ജനം വിമര്‍ശനമുന്നയിക്കുന്നു. അതേസമയം കോവിഡ് വ്യാപന സാഹചര്യത്തിലെ ഇളവുകളേക്കുറിച്ച് സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാരുമുള്‍പ്പെടെ ചോദ്യങ്ങളുയര്‍ത്തിയേക്കാം. ഇത് മറികടക്കാന്‍ കൂടിയാണ് അപ്രായോഗികവും അശാസ്ത്രീയവുമായ കര്‍ശന നിബന്ധനകള്‍. എന്നാല്‍ പൊലീസ് കടുപ്പിച്ചാല്‍ ജനത്തിന് തലവേദനയാകും.

MORE IN KERALA
SHOW MORE
Loading...
Loading...