രോഗവ്യാപനത്തില്‍ കുറവില്ല; ലോക്ഡൗണ്‍ രീതി മാറ്റാൻ ആലോചന

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഒന്നര മാസം കഴിഞ്ഞിട്ടും രോഗവ്യാപനത്തില്‍ കുറവില്ല. മാത്രവുമല്ല ട്രിപ്പിള്‍ ലോക്ഡൗണുള്ള പ്രദേശങ്ങളുടെയെണ്ണം കുത്തനെ കൂടി. ഇതോടെ നിലവിെല ലോക്ഡൗണ്‍ രീതി മാറ്റാനാണ് സര്‍ക്കാര്‍ ആലോചന. ടി.പി.ആര്‍ മാനദണ്ഡപ്രകാരമുള്ള നിയന്ത്രണം അശാസ്ത്രീയമെന്ന് പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി. 

കേരളത്തിലെ റോഡുകള്‍ ഇന്ന് വിജനമാണ്. അവശ്യമേഖലയൊഴികെ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. നാളെയും ഈ വാരാന്ത്യലോക്ഡൗണ്‍ തുടരും. ഇങ്ങിനെ പലപേരുകളില്‍ കേരളം അടച്ചുപൂട്ടിയിട്ട് 85 ദിവസമായി. ടി.പി.ആര്‍ അടിസ്ഥാനത്തിലെ നിയന്ത്രണം തുടങ്ങിയിട്ട് 46 ദിവസവും. എന്ത് പ്രയോജനമെന്ന് ചോദിച്ചാല്‍ രോഗകണക്ക് നോക്കിയാല്‍ ഒരു പ്രയോജനവുമില്ല. ടി.പി.ആര്‍ അടിസ്ഥാനത്തിലെ നിയന്ത്രണം തുടങ്ങിയത് ജൂണ്‍ 16നാണ്. അന്ന് 25 തദേശ സ്ഥാപനങ്ങളിലായിരുന്നു രോഗവ്യാപനം കൂടുതലുള്ള പ്രദേശമായി കണ്ട് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 ന് ട്രിപ്പിള്‍ ലോക്ഡൗണുള്ള സ്ഥലങ്ങളുടെയെണ്ണം 80 ആയി. ഇന്ന് ജൂലൈ അവസാനിക്കുമ്പോള്‍ 323 സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണുള്ളത്. അതായത് നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം രോഗവ്യാപനം കൂടുതലുള്ള  സ്ഥലങ്ങളുടെയെണ്ണം 25 ല്‍ നിന്ന് 323 ലേക്ക് കുതിച്ചുയര്‍ന്നു. ഇതോടെ കേരളത്തിന്റെ 30 ശതമാനം പ്രദേശത്തും ഇപ്പോഴും ട്രിപ്പിള്‍ ലോക്ഡൗണാണ്. ഇതോടെയാണ് നിലവിലെ സംവിധാനം ഫലപ്രദമല്ലെന്ന് ആരോഗ്യവിദഗ്ധരും വ്യാപാരികളും സാധാരണക്കാരും തുടങ്ങി പ്രതിപക്ഷം വരെ കുറ്റപ്പെടുന്നത്.

നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുന്നത് ജനജീവിതം കൂടുതല്‍ ദുഷ്കരമാക്കുന്നതായി സര്‍ക്കാരും തിരിച്ചറിഞ്ഞ് തുടങ്ങി. ഓണക്കാലത്തും ഇതേനിലയില്‍ അടച്ചുപൂട്ടല്‍ തുടര്‍ന്നാല്‍ വലിയ സാമ്പത്തിക പ്രതിസന്ധി എല്ലാ മേഖലയിലുമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതിനാലാണ് ബുധനാഴ്ചക്കകം ബദല്‍ മാര്‍ഗം നിര്‍ദേശിക്കാന്‍ വിദഗ്ധസമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 

രോഗം കൂടുതലുള്ള പ്രദേശങ്ങളില്‍ മൈക്രോ കണ്ടെയ്മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് അവിടം മാത്രം പൂര്‍ണമായി അടയ്ക്കുന്ന രീതിയാണ് പരിഗണിക്കുന്നത്. ജനങ്ങളില്‍ നിന്ന് അനാവശ്യ  പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.